മൂന്ന് യുദ്ധങ്ങള്‍ പാഠമാണ്; ഇന്ത്യയോട് ചര്‍ച്ചക്ക് അവസരം ചോദിക്കുന്ന പാക് പ്രധാനമന്ത്രി | D World
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയുമായി ചര്‍ച്ചക്ക് അവസരമൊരുക്കണമെന്നും യുദ്ധങ്ങളിലൂടെ പാകിസ്ഥാന്‍ ഒരു പാഠം പഠിച്ചുവെന്നും പറയുകയും പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇതേ പ്രതികരണത്തില്‍ വ്യക്തത വരുത്തുകയും ചെയ്തിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.

ഷെഹബാസ് ഷെരീഫിന്റെ ഇന്ത്യയോടുള്ള അഭ്യര്‍ത്ഥനാ രൂപത്തിലുള്ള പ്രതികരണത്തിനെതിരെ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് രംഗത്തെത്തിയിരുന്നു.

പിന്നാലെയാണ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും നേരത്തെയുള്ള നിലപാടുകളും വിശദീകരിച്ചുകൊണ്ട് ഷെഹബാസ് ഷെരീഫ് പുതിയ പ്രസ്താവനയിറക്കിയത്.

കശ്മീരിന്റെ പ്രത്യേകാധികാരം പുനസ്ഥാപിക്കണമെന്നും എങ്കില്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാകൂ എന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിശദീകരണ ട്വീറ്റില്‍ പറയുന്നത്.

ട്വീറ്റ് ഇങ്ങനെയാണ്; ”2019 ഓഗസ്റ്റ് 5ലെ നിയമവിരുദ്ധമായ നടപടി ഇന്ത്യ പിന്‍വലിച്ചതിന് ശേഷം മാത്രമേ ചര്‍ച്ചകള്‍ നടക്കൂ എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടി ഇന്ത്യ പിന്‍വലിച്ചില്ലെങ്കില്‍ ചര്‍ച്ചകള്‍ സാധ്യമല്ല,” എന്നാണ് ട്വീറ്റ്.

2019 ഓഗസ്റ്റ് അഞ്ചിന്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയെയാണ് ട്വീറ്റില്‍ പരമാര്‍ശിച്ചിരിക്കുന്നത്.

കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി സത്യസന്ധമായ ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും അനുവദിക്കണമെന്നാണ് അല്‍ അറബിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ചുവെന്നും ഇനി സമാധാനത്തിന്റെ മാര്‍ഗമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

”കശ്മീര്‍ പോലെ നമുക്കിടയിലുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് വിമര്‍ശനാത്മകവും സത്യസന്ധവുമായ ചര്‍ച്ചകള്‍ നടത്താന്‍ ഞങ്ങളെ അനുവദിക്കുക എന്നതാണ് ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള എന്റെ സന്ദേശം.

ഇരു രാജ്യങ്ങളും സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യണോ അതോ പരസ്പരം കലഹിച്ച് സ്വത്തുക്കളും സമയവും നഷ്ടപ്പെടുത്തണോ ?

ഇന്ത്യയുമായി ഞങ്ങള്‍ക്ക് മൂന്ന് യുദ്ധങ്ങളുണ്ടായി. അത് പൗരന്മാര്‍ക്ക് അധിക ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് നല്‍കിയത്.

ഞങ്ങളിപ്പോള്‍ ഒരു പാഠം പഠിച്ചു, ഇനി സമാധാനത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുവേണ്ടി യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് കഴിയണം,” ഷെഹബാസ് ഷെരീഫ് പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയും ആണവശക്തികളാണ്, വലിയ ആയുധശേഖരമുള്ള രാജ്യങ്ങളാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അതില്‍ എന്തൊക്കെ സംഭവിച്ചു എന്ന് പുറംലോകത്തോട് പറയാന്‍ ആരായിരിക്കും ബാക്കിയുണ്ടാകുക എന്ന് ആര്‍ക്കറിയാം, എന്നും പാക് പ്രധാനമന്ത്രി ചോദിച്ചു.

ഇരുരാജ്യങ്ങളെയും ചര്‍ച്ചക്ക് വേണ്ടി എത്തിക്കുന്നതില്‍ യു.എ.ഇക്ക് പ്രധാന പങ്കുവഹിക്കാന്‍ സാധിക്കുമെന്നും പാക് പ്രധാനമന്ത്രി അഭിമുഖത്തില്‍ പ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.

എന്നാല്‍ ഭീകരതക്കുള്ള പരസ്യ പിന്തുണ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്നും കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ മൂന്നാം കക്ഷിയായി ഒരു രാജ്യത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചക്ക് തയ്യാറല്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞ വിഷയത്തില്‍ ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് 2022 ഓഗസ്റ്റില്‍ പാക് പ്രധാനമന്ത്രി പ്രതികരണം നടത്തിയിരുന്നു.

”കശ്മീര്‍ പ്രശ്‌നവും പാകിസ്ഥാനില്‍ നിന്നുള്ള അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിട്ടുണ്ട്. എങ്കിലും, 2019 ഓഗസ്റ്റ് അഞ്ചിന്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി.

ഇന്ത്യയുടെ ഈ തീരുമാനം പാകിസ്ഥാനില്‍ നിന്ന് ശക്തമായ പ്രതികരണങ്ങള്‍ക്ക് കാരണമായി, അത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തെയും ബാധിച്ചു. ജമ്മു കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്,”

ജമ്മു കശ്മീര്‍ വിഭജിക്കപ്പെട്ടതിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. മേഖലയില്‍ സമാധാനം നിലനിര്‍ത്താനാണ് പാകിസ്ഥാന്റെ തീരുമാനം.

വ്യാപാരത്തിലും സാമ്പത്തിക വളര്‍ച്ച നേടുന്നതിലും രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലുമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരസ്പരം മത്സരിക്കേണ്ടത്,” എന്നായിരുന്നു ഷെഹബാസ് ഷെരീഫ് അന്ന് പറഞ്ഞത്.

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും യുദ്ധം ഒരിക്കലും ഒരു ഓപ്ഷനല്ലെന്നും ചര്‍ച്ചയിലൂടെ ഇന്ത്യയുമായി സ്ഥിരമായ സമാധാനത്തിലെത്താനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു.

പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയും കശ്മീര്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് നരേന്ദ്ര മോദി ചര്‍ച്ചക്ക് തയ്യാറാവണമെന്ന് ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു.

അതേസമയം പാകിസ്ഥാന്റെ സാമ്പത്തികനില ചരിത്രത്തിലെ തന്നെ ഏറ്റവും മോശം നിലയില്‍കൂടി കടന്നുപോകുന്നതിനിടെ കൂടിയാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

Content Highlight: Pakistan PM Shehbaz Sharif request for Honest Talks’ with India as Pak Has learnt its Lesson from wars