ഇസ്‌ലാമബാദ്: പാകിസ്താനില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാനൊരുങ്ങി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാന സീറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകുന്നതെന്ന് പാകിസ്താന്‍ തെഹ്‌രീക് -ഇ-ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
സെനറ്റിലെ 37 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ധനകാര്യ മന്ത്രി പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച നടന്ന സെനറ്റ് തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഫലങ്ങളും വന്നിട്ടില്ലെങ്കിലും വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാനാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ തീരുമാനം.
പാര്‍ലമെന്റിലെ സെനറ്റില്‍ പ്രതിപക്ഷത്തേക്കാള്‍ മുന്‍തൂക്കം നേടാനുള്ള നീക്കത്തിലായിരുന്നു പി.ടി.ഐ. ഇതുവരെ വന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ സെനറ്റില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നേടാനായിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പക്ഷെ ധനകാര്യമന്ത്രിയായ അബ്ദുള്‍ ഹാഫിസ് ഷെയ്ഖിന്റെ പരാജയം ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇമ്രാന്‍ ഖാനെ അധികാരത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഷെയ്ഖ് രാജ്യത്ത് സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട് ഐ.എം.എഫുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഷെയ്ഖിന് ധനകാര്യമന്ത്രിയായി തുടരാനാകുമെങ്കിലും ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് വലിയ നാണക്കേടാണ് ഈ പരാജയം വരുത്തിവെച്ചിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ തന്നെ മുന്നോട്ടുവന്നത്. പ്രതിപക്ഷത്തിന് മുന്‍പില്‍ പാര്‍ലമെന്റില്‍ തനിക്ക് ആവശ്യമായ പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതിനുള്ള നടപടിയാണിതെന്നും ധീരനായ ഒരു മനുഷ്യന്റെ പ്രതീകമാണിതെന്നുമാണ് വിവര വിനിമയ മന്ത്രി ഷിബ്‌ലി ഫറാസ് പ്രതികരിച്ചത്.
ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പിനുള്ള കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക