ഇസ്‌ലാമാബാദ്: തനിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയത്തെ നേരിടുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടത്തിയാല്‍ താന്‍ തന്നെ വിജയിക്കുമെന്നും അവസാനത്തെ ചിരി തന്റേത് മാത്രമായിരിക്കും എന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
തന്റെ കയ്യില്‍ ‘ട്രംപ് കാര്‍ഡ്’ ഉണ്ടെന്നും കൃത്യ സമയത്ത് അത് പുറത്തിറക്കുമെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു.
”ഞാന്‍ വളരെ വ്യക്തമായി ഒരു കാര്യം പറയട്ടെ, ഞങ്ങള്‍ തന്നെ അവിശ്വാസ പ്രമേയത്തില് വിജയിക്കും. കാരണം, പാര്‍ട്ടിയും പ്രവര്‍ത്തകരും എനിക്കൊപ്പം പാറ പോലെ ഉറച്ച് നില്‍ക്കുകയാണ്,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതിനിടെ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പാസാകുന്ന മുറയ്ക്ക് പുതിയ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫിനെയാണ് പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ് (പി.എം.എല്‍-എന്‍) പ്രധാനമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാനൊരുങ്ങുന്നത്. പി.എം.എല്‍-എന്നിന്റെ പ്രസിഡന്റ് കൂടിയാണ് ഷെഹ്ബാസ് ഷെരീഫ്.
വെള്ളിയാഴ്ചയായിരിക്കും പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുക.
ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു പ്രതിപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളായ മൗലാന ഫസലുര്‍ റഹ്മാന്‍, ആസിഫ് സര്‍ദാരി, ഷെഹബാസ് ഷെരീഫ് എന്നിവര്‍ അവിശ്വാസ പ്രമേയ അവതരണത്തിന് നേതൃത്വം നല്‍കിയത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടു, എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
അതേസമയം, ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയിലെ 24 എം.പിമാര്‍ ഇമ്രാന്‍ ഖാനുള്ള പിന്തുണ പിന്‍വലിച്ചതായും പ്രമേയത്തില്‍ ഇമ്രാന്‍ ഖാനെതിരെ വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
Content Highlight: Pakistan PM Imran Khan says he will have the last laugh in the non confidence motion against him