| Friday, 6th August 2021, 9:12 am

സര്‍ക്കാര്‍ ചെലവില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കും, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും; ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രം സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ക്ഷേത്രം തകര്‍ക്കാനെത്തിയവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

ആഗസ്റ്റ് 5നാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രത്തിനെതിരെ ആക്രമണമുണ്ടായത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ അടക്കം തകര്‍ക്കുന്ന രീതിയിലാണ് സംഘര്‍ഷമുണ്ടായത്.

ലാഹോറില്‍ നിന്നും അകലെയുള്ള റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിലാണ് സംഭവം നടന്നത്. ഇവിടുത്തെ മുസ്‌ലീം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ വാരം ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്ഥലത്ത് വലിയ തോതില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതാണ് ക്ഷേത്രം ആക്രമിക്കുന്നതില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഭരണകക്ഷിയായ തെഹ്‌രീഖ് -ഇ- ഇന്‍സാഫ് നേതാവും എം.പിയുമായ ഡോ. രമേശ് കുമാര്‍ വന്‍കവാനിയാണ് ക്ഷേത്രത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത്.

സംഘര്‍ഷം ഉണ്ടാക്കിയവരെ അറസ്റ്റ് ചെയ്ത് ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. സംഭവം കൂടുതല്‍ വഷളാക്കിയത് പൊലീസാണെന്നും സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ പ്രാദേശിക പൊലീസ് പരാജയപ്പെട്ടു എന്നും ഇദ്ദേഹം ആരോപിച്ചു.

എന്നാല്‍ സംഘര്‍ഷം നടന്നയുടനെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടെന്നും, സംഭവസ്ഥലം പൊലീസിന്റെ നിയന്ത്രണത്തിലാക്കിയെന്നും ക്ഷേത്രത്തിനും, നഗരത്തിലെ ഹിന്ദുവിഭാഗത്തില്‍ പെട്ടവരുടെ വീടുകള്‍ക്കും സംരക്ഷണം നല്‍കാന്‍ സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ല പൊലീസ് ഓഫീസര്‍ അസാദ് സര്‍ഫാസ് പറഞ്ഞു.

അതേസമയം കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ലൈബ്രറിയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കുട്ടിയെ മതനിന്ദ നിയമം ചുമത്തി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതാണ് ക്ഷേത്രം ആക്രമിക്കുന്നതിലേക്ക് എത്തിയത്,’ പൊലീസ് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Pakistan PM Imran Khan says govt will renovate temple attacked in Bhong city

Latest Stories

We use cookies to give you the best possible experience. Learn more