ഇസ്‌ലാമാബാദ്: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറങ്ങാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ താന്‍ കൂടുതല്‍ അപകടകാരിയായി മാറുമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഞായറാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
”ഞാന്‍ തെരുവിലേക്കിറങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്കൊന്നും ഒളിക്കാന്‍ പോലും സ്ഥലം കണ്ടെത്താന്‍ പറ്റില്ല,” ഖാന്‍ പറഞ്ഞു.
ഒരു ഡസനോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയായ പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റിനെ (പി.ഡി.എം) ഉദ്ദേശിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. പാകിസ്ഥാന്‍ പട്ടാളം രാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരായിട്ടായിരുന്നു പി.ഡി.എം രൂപംകൊണ്ടത്.
ഇമ്രാന്‍ ഖാന്റെ കീഴിലുള്ള കഴിവുകെട്ട സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഉദ്ദേശത്തോടെ ഈ വരുന്ന മാര്‍ച്ച് 23ന് ഇസ്‌ലാമാബാദിലേക്ക് ലോങ് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് പി.ഡി.എം. പ്രസിഡന്റ് മൗലാന ഫസ്‌ലുര്‍ റഹ്മാന്‍ തന്നെയായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.
എന്നാല്‍ പി.ഡി.എം നടത്താനിരിക്കുന്ന മാര്‍ച്ച് പരാജയപ്പെടുമെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവ് ഷഹ്ബാസ് ഷരീഫിനെതിരെയും ഖാന്‍ ആഞ്ഞടിച്ചു. ഷരീഫ് ഒരു ക്രിമിനലാണെന്നും അദ്ദേഹവുമായി ഒരു സംസാരത്തിനുമില്ലെന്നുമായിരുന്നു പാക് പ്രധാനമന്ത്രി പ്രതികരിച്ചത്.
”പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഷഹ്ബാസ് ഷരീഫുമായി ചര്‍ച്ച നടത്താത്തതില്‍ എന്നെ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ അയാളെ കാണുന്നത് ഒരു ദേശീയ ക്രിമിനല്‍ ആയിട്ടാണ്,” ഖാന്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെക്കുറിച്ചുള്ള ചോദ്യത്തിനും ഖാന്‍ മറുപടി നല്‍കി. പണത്തെ സ്‌നേഹിക്കുന്നയാളാണ് നവാസ് ഷെരീഫെന്നും അതുകൊണ്ട് അദ്ദേഹം ബ്രിട്ടനില്‍ നിന്നും തിരിച്ച് പാകിസ്ഥാനിലേക്ക് മടങ്ങി വരില്ല എന്നുമായിരുന്നു ഖാന്റെ പ്രതികരണം.
തന്റെ സര്‍ക്കാര്‍ അതിന്റെ ഭരണ കാലാവധി പൂര്‍ത്തിയാക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നും ഖാന്‍ പറഞ്ഞു.
അതേസമയം ഖാന്റെ പ്രസ്താവനകളെ എതിര്‍ത്ത് നവാസ് ഷെരീഫിന്റെ മകളും പി.എം.എല്‍.എന്‍ (പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ്) നേതാവുമായ മറിയം നവാസ് രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറങ്ങാനിടയായാല്‍ താന്‍ കൂടുതല്‍ അപകടകാരിയാകുമെന്ന ഖാന്റെ മുന്നറിയിപ്പ് ശൂന്യമായ വെറും ഭീഷണി മാത്രമാണെന്നായിരുന്നു ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.
”പരാജയപ്പെട്ട ഒരാള്‍ എന്നത് മാത്രമല്ല, പരാജയം സമ്മതിച്ച ആളെപ്പോലെ കൂടിയാണ് ഖാന്‍ സംസാരിച്ചത്. ഭരണത്തില്‍ നാല് വര്‍ഷമായിട്ടും അയാള്‍ പരാതിപ്പെടുക മാത്രമാണ് ചെയ്യുന്നത്,” മറിയം ട്വീറ്റില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pakistan PM Imran Khan said he would be more dangerous if forced to step down