ലാഹോര്‍: ‘ദൈവനിന്ദ’ ആരോപിച്ച് കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ ശ്രീലങ്കന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതില്‍ പ്രതികരിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘പാകിസ്ഥാന് നാണക്കേടിന്റെ ദിവസമാണ്’ എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.
സംഭവത്തിന്മേലുള്ള അന്വേഷണത്തിന് വ്യക്തിപരമായും മേല്‍നോട്ടം വഹിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ”അന്വേഷണത്തില്‍ ഒരു പാളിച്ചയും ഉണ്ടാകാതിരിക്കട്ടെ. തെറ്റ് ചെയ്തവര്‍ എല്ലാവര്‍ക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കും,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
തീവ്രവലത് സംഘടനയായ തെഹ്രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാന്‍ (ടി.എല്‍.പി) പാര്‍ട്ടിയിലെ അംഗങ്ങളടങ്ങിയ ആള്‍ക്കൂട്ടമാണ് പാകിസ്ഥാനിലെ പഞ്ചാബില്‍ ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്ന പ്രിയന്ത കുമാര എന്ന 40കാരനെ ‘ദൈവനിന്ദ’ ആരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. പൊലീസ് എത്തുന്നതിന് മുന്നെ മൃതദേഹം കത്തിച്ച് കളയുകയായിരുന്നു.
സംഭവത്തില്‍ 50 പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് സര്‍ക്കാരിന്റെ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്തിരുന്ന ടി.എല്‍.പിയുടെ പോസ്റ്റര്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രിയന്തയെ ഫാക്ടറിയില്‍ കയറി കൈയേറ്റം ചെയ്തതും കൊലപ്പെടുത്തിയതുമെന്നാണ് റിപ്പോര്‍ട്ട്.
നിരോധിത സംഘടനയായിരുന്നു ടി.എല്‍പി. എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഈയിടെയാണ് നിരോധനം എടുത്തുമാറ്റിയത്.
ഒരു ഫ്രഞ്ച് മാഗസിനില്‍ പ്രവാചകന്‍ മുഹമ്മദിനെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുമ്പ് ടി.എല്‍.പി അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത് നിരവധി പേരുടെ മരണത്തിനിടയാക്കിയെങ്കിലും പിന്നീട് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.
ഇസ്‌ലാമിനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നവര്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുന്ന നിയമമാണ് പാകിസ്ഥാനിലേത്. എന്നാല്‍ ഈ നിയമങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയോ വ്യക്തിവൈരാഗ്യം തീര്‍ക്കാനോ ദുരുപയോഗം ചെയ്യാറാണ് പതിവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതികരണം.