ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഒരു ടെലിവിഷന്‍ സംവാദത്തിന് തയാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
രണ്ട് രാജ്യങ്ങള്‍ക്കുമിടയിലുള്ള അഭിപ്രായഭിന്നതകളും മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മോദിയുമായി സംവാദത്തിന് തയാറാണെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ചൊവ്വാഴ്ച പറഞ്ഞത്.
”ടെലിവിഷനില്‍ മോദിക്കൊപ്പം ഒരു സംവാദത്തിലേര്‍പ്പെടാന്‍ സാധിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു,” റഷ്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
സംവാദത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു ബില്യണിലധികം വരുന്ന ജനങ്ങള്‍ക്ക് ഉപകാരമായി മാറുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ സന്ദര്‍ശനത്തിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. മോസ്‌കോയിലെത്തിയ ഖാന്‍ വൈകാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും.
രണ്ട് പതിറ്റാണ്ടിനിടയില്‍ റഷ്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ഖാന്‍ നടത്തുന്നത്. ഉക്രൈന്‍ വിഷയം കത്തിനില്‍ക്കെയാണ് സന്ദര്‍ശനമെന്നതും ചര്‍ച്ചയാവുന്നുണ്ട്.
നേരത്തെ ‘ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് പോവില്ല,’ എന്ന് പാകിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിരുന്നു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെ അവര്‍ നടപടിയെടുക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം.