| Tuesday, 4th February 2020, 5:38 pm

ഇന്ത്യയുമായുള്ള തര്‍ക്കം; മലേഷ്യയില്‍ നിന്നും പാം ഓയില്‍ വാങ്ങാന്‍ പാകിസ്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്വലാലംപുര്‍: ഇന്ത്യയും മലേഷ്യയും തമ്മില്‍ വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലേഷ്യയുമായി വ്യാപാര ബന്ധം ശക്തമാക്കാനൊരുങ്ങി പാക്കിസ്ഥാന്‍.

ക്വാലാലംപൂരില്‍ വെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കശ്മീര്‍ വിഷയത്തില്‍ എടുത്ത നിലപാടിന്റെ പേരില്‍ മലേഷ്യയ്‌ക്കെതിരെ ഇന്ത്യ തിരിഞ്ഞ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ഇമ്രാന്‍ ഖാന്‍ പത്രസമ്മേളത്തില്‍ വ്യക്തമാക്കി. ഇമ്രാന്‍ഖാന്‍ നടത്തിയ മലേഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് വിഷയത്തില്‍ ധാരണയായത്.

മലേഷ്യന്‍ ഇറക്കുമതിയില്‍ ഇന്ത്യ വിലക്കു വെച്ചിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്താന്‍ അതിനെ മറികടക്കാന്‍ തയ്യാറാവുമെന്ന് വാര്‍ത്താ സമ്മേളത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ മഹാതീര്‍ മുഹമ്മദ് കശ്മീര്‍ വിഷയമോ പൗരത്വ വിഷയമോ പരാമര്‍ശിച്ചിട്ടില്ല.

മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കശ്മീര്‍ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.  എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണം, കഴിഞ്ഞ 70 വര്‍ഷത്തോളമായി ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. മതേതര രാജ്യമായ ഇന്ത്യ മുസ്ലിങ്ങള്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ദുഃഖകരമാണെന്നുമായിരുന്നു പൗരത്വ നിയമത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതിനു ശേഷമാണ് മലേഷ്യയില്‍ നിന്നുമുള്ള പാം ഓയില്‍ ഇറക്കുമതിയില്‍ നിന്ന് ഇന്ത്യ പിന്നോട്ടു പോയത്.

135,000 ടണ്‍ പാം ഓയിലാണ് കഴിഞ്ഞ മാസം പാകിസ്താന്‍ മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്‌തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലേഷ്യയില്‍ നിന്നും പാകിസ്താനിലേക്കുള്ള ഇതുവരെയുള്ള ഇറക്കുമതിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അതേ സമയം ജനുവരിയില്‍ മലേഷ്യയില്‍ നിന്നും ഇന്ത്യ നടത്തിയ ഇറക്കുമതിയില്‍ 40,400ടണ്‍ ആയി കുറഞ്ഞു.
അടുത്തയാഴ്ച ഇതു സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ മലേഷ്യ പുറത്തു വിടും.

മലേഷ്യന്‍ പാം ഓയില്‍ കൗണ്‍സിലിന്റെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം 1.1 മില്യണ്‍ ടണ്‍ പാം ഓയില്‍ ആണ് മലേഷ്യയില്‍ നിന്നും പാക്കിസ്ഥാന്‍ വാങ്ങിയത്. ഇതേ വര്‍ഷം 4.4 മില്യണ്‍ ടണ്‍ പാം ഓയില്‍ ആണ് ഇന്ത്യ മലേഷ്യയില്‍ നിന്നും വാങ്ങിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മലേഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പാം ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. പാം ഓയിലിനു പകരമായി ഇന്ത്യയില്‍ നിന്നും പഞ്ചസാര മലേഷ്യയിലേക്ക് കയറ്റുമതിയും ചെയ്യുന്നു.

വര്‍ഷം തോറും 9 മില്യണ്‍ ടണ്‍ പാം ഓയിലാണ് മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്യുന്നത്.

മലേഷ്യയെ ഒഴിവാക്കി പകരം ഇന്ത്യോനേഷ്യയില്‍ നിന്നും ഉക്രൈനില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമുള്ള ഇറക്കുമതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.

We use cookies to give you the best possible experience. Learn more