| Saturday, 28th October 2023, 9:01 pm

പാകിസ്ഥാന്റെ കണ്ടകശനി തോല്‍വിയിലും അവസാനിക്കുന്നില്ല; മുറിവില്‍ ഉപ്പുപുരട്ടി ഐ.സി.സി

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ പരാജയം.

ഒരുവേള വിജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു പാകിസ്ഥാന്‍ പരാജയമേറ്റുവാങ്ങിയത്. സൗത്ത് ആഫ്രിക്കക്ക് വിജയിക്കാന്‍ 11 റണ്‍സും പാകിസ്ഥാന് ജയത്തിനായി ഒരു വിക്കറ്റും ആവശ്യമായ സന്ദര്‍ഭം പോലുമുണ്ടായിരുന്നു. ഒടുവില്‍ 49ാം ഓവറിലെ രണ്ടാം പന്തില്‍ കേശവ് മഹാരാജ് ബൗണ്ടറി നേടി പ്രോട്ടീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ 21 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനത്തിലേക്ക് വീഴുകയും ചെയ്തിരുന്നു.

തോല്‍വിക്ക് പിന്നാലെ പാകിസ്ഥാനെ വീണ്ടും ശിക്ഷിച്ചിരിക്കുകയാണ് അപെക്‌സ് ബോര്‍ഡ്. കുറഞ്ഞ റണ്‍ നിരക്കിന്റെ പേരില്‍ പാക് താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ വിധിച്ചിരിക്കുകയാണ്.

ഈ പരാജയത്തിന് പിന്നാലെ ഒരു മോശം റെക്കോഡും ബാബറിനെയും സംഘത്തെയും തേടിയെത്തിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ച്ചയായ നാല് പാകിസ്ഥാന്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നിവരാണ് ഈ ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും സൗദ് ഷക്കീലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് നടന്നുകയറിയത്.

സൗദ് ഷക്കീല്‍ 52 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ 65 പന്തില്‍ നിന്നും 50 റണ്‍സ് നേടിയാണ് പുറത്തായത്. ഇവര്‍ക്ക് പുറമെ 36 പന്തില്‍ 43 റണ്‍സ് നേടിയ ഷദാബ് ഖാനും 27 പന്തില്‍ 31 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

സൗത്ത് ആഫ്രിക്കക്കായി തബ്രിയാസ് ഷംസി നാല് വിക്കറ്റ് വീഴ്ത്തി. ഷംസിക്ക് പുറമെ മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെറാള്‍ഡ് കോട്‌സി രണ്ട് വിക്കറ്റും നേടി. ലുന്‍ഗി എന്‍ഗിഡിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഏയ്ഡന്‍ മര്‍ക്രമിന്റെ തകര്‍പ്പന്‍ ഇന്നിങ്സിലാണ് വിജയത്തിലെത്തിയത്. 93 പന്തില്‍ നിന്നും 91 റണ്‍സാണ് മര്‍ക്രം നേടിയത്. ഡേവിഡ് മില്ലര്‍ (29), തെംബ ബാവുമ (28) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റേഴ്സ്.

ഒക്ടോബര്‍ 31നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

Content highlight: Pakistan players fined 20% of their match fees

We use cookies to give you the best possible experience. Learn more