പാകിസ്ഥാന്‍ ലോകകപ്പ് നേടണമെന്ന് ക്രിക്കറ്റ് ബോര്‍ഡ് പോലും ആഗ്രഹിക്കുന്നില്ലെന്ന് പേര് വെളിപ്പെടുത്താത്ത പാക് സൂപ്പര്‍ താരം. പേര് വെളിപ്പെടുത്തരുത് എന്ന ഉപാധിയില്‍ ക്രിസ്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഈ ടീം പരാജയപ്പെടണമെന്നാണ് ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും അങ്ങനെയെങ്കില്‍ ടീമില്‍ ആരെ ഉള്‍പ്പെടുത്തണമെന്നതില്‍ പൂര്‍ണ അധികാരം ബോര്‍ഡിന് മാത്രമായി ലഭിക്കുമെന്നും സീനിയര്‍ താരം പറഞ്ഞു.
‘ഈ ടീം തോല്‍ക്കാനാണ് ബോര്‍ഡ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ ലോകകപ്പ് നേടണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ടീമിനെ ആര് നയിക്കണം, ടീമില്‍ ആരെല്ലാം ഉണ്ടായിരിക്കണം എന്നതിനുള്ള പൂര്‍ണ നിയന്ത്രണം ബോര്‍ഡിന് ലഭിക്കും,’ അദ്ദേഹം പറഞ്ഞു.
‘അവര്‍ (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) എല്ലാവരെയും കുറ്റപ്പെടുത്താന്‍ പോവുകയാണ്. സാരമില്ല, ലോകം അങ്ങനെ തന്നെയാണ്. ബാബറിനെതിരെയും ഇന്‍സിക്കെതിരെയും പരിശീലകര്‍ക്കെതിരെയുമെല്ലാമുള്ള നീക്കം തീര്‍ത്തും അന്യായമാണ്.
ടീമിലെ ഓരോ അംഗവും കോച്ചിങ് സ്റ്റാഫുകളും അടക്കമുള്ളവര്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം എനിക്ക് വ്യക്തമായി അറിയാം. അവര്‍ ഇതിനായി എത്രത്തോളം പ്രയത്‌നിക്കുന്നുണ്ട് എന്ന് മനസിലാക്കിയാല്‍ എല്ലാവരും അത്ഭുതപ്പെട്ട് പോകും,’ അവര്‍ പറഞ്ഞു.
ലോകകപ്പില്‍ പാകിസ്ഥാന്റെ പ്രകടനം മോശമായിരുന്നു. തങ്ങളുടെ പേരിനും പെരുമക്കും ഒത്ത പ്രകടനമായിരുന്നില്ല മുന്‍ ലോകചാമ്പ്യന്‍മാര്‍ പുറത്തെടുത്തിരുന്നത്.
ആദ്യ ആറ് മത്സരത്തില്‍ വെറും രണ്ട് മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് ജയിക്കാന്‍ സാധിച്ചത്. അഫ്ഗാനിസ്ഥാനെതിരായ പരാജയമടക്കം ടീമിന്റെ മോശം പ്രകടനത്തില്‍ മുഴച്ചുനിന്നു.
ഇതോടൊപ്പം പാകിസ്ഥാന്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ പരാജയപ്പെടുന്ന ആദ്യ ലോകകപ്പായും ഇത് മാറി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച പാകിസ്ഥാന് ശേഷം കളിച്ച ഒറ്റ മത്സരത്തില്‍ പോലും വിജയം രുചിക്കാന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നിവരാണ് തുടര്‍ച്ചയായ മത്സരങ്ങളില്‍ പാകിസ്ഥാനെ തോല്‍പിച്ചത്.
എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കാന്‍ ഉറച്ചാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങിയത്. സെമി ഫൈനലിനുള്ള വിദൂര സാധ്യത മാത്രമാണ് നിലവില്‍ പാകിസ്ഥാന് മുമ്പിലുള്ളത്.