| Wednesday, 7th December 2016, 6:38 pm

47 യാത്രക്കാരുമായി പാക്കിസ്ഥാന്‍ വിമാനം തകര്‍ന്നുവീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാക്കിസ്ഥാനിലെ അബട്ടാബാദിനു സമീപത്തുവച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായ വിമാനം പിന്നീട് തകര്‍ന്നു വീഴുകയായിരുന്നു. 


ഇസ്‌ലാമാബാദ്: 47 യാത്രക്കാരുമായി പറന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. പാക്കിസ്ഥാനിലെ അബട്ടാബാദിനു സമീപത്തുവച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായ വിമാനം പിന്നീട് തകര്‍ന്നു വീഴുകയായിരുന്നു.

ചിത്രാലില്‍നിന്ന് പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്. യാത്രക്കാരിലാരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മലനിരകള്‍ക്കിടയിലാണ് വിമാനം തകര്‍ന്നു വീണതെന്നും സ്ഥലത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈകിട്ട് 5.30ന് ഇസ്‌ലാമാബാദ് വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്നതാണ് ഈ വിമാനം. എന്നാല്‍, യാത്രാമധ്യേ അബട്ടാബാദിന് മുകളില്‍വച്ച് വിമാനവും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വൈകിട്ട് മൂന്നുമണിയോടെ ചിത്രാലില്‍നിന്ന് പറന്നുയര്‍ന്ന വിമാനം 4.30തോടെയാണ് അപ്രത്യക്ഷമായത്.

വിമാനത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങളുള്ളതായി വിമാനം പറത്തിയിരുന്ന ക്യാപ്റ്റന്‍ ഖാലിദ് ജാന്‍ജുവ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more