| Friday, 22nd May 2020, 9:51 pm

പാകിസ്താന്‍ വിമാനാപകടം; 34 പേരുടെ മൃതദേഹം കണ്ടെടുത്തു, നാലുപേരെ രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ തകര്‍ന്നു വീണ് 34 പേരുടെ മരണം സ്ഥിരീകരിച്ചു. 91 യാത്രക്കാരും 8 ക്രൂ അംഗങ്ങളുമുള്‍പ്പെടെ 99 പേരുണ്ടായിരുന്ന വിമാനത്തില്‍ നിന്ന് നാലു പേരെ ഇതുവരെ ജീവനോടെ പുറത്തെടുത്തെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയിലെ ജിന്ന ഏയര്‍പോര്‍ട്ടിനു സമീപമുള്ള ജനവാസ കേന്ദ്രത്തിന് സമീപമാണ് വിമനം തകര്‍ന്നു വീണത്.

34 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചെന്നും ഇതില്‍ 19 മൃതദേഹങ്ങള്‍ ജിന്ന ആശുപത്രിയിലേക്ക് മാറ്റിയെന്നും 15 മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലുമാണുള്ളതെന്നാണ് സിന്ധ് ആരോഗ്യമന്ത്രി അസ്ര പെച്ചുഹൊ മാധ്യമങ്ങളെ അറിയിച്ചത്.

പാകിസ്താന്‍ ലോക്കല്‍ മീഡിയകളുടെ റിപ്പോര്‍ട്ട് പ്രകാരം വിമാനത്തിന്റെ എന്‍ജിന്‍ രണ്ടും കത്തുകയായിരുന്നു. വിമാനത്തിന്റെ വാല്‍ ഭാഗം ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലെ നാലു നില കെട്ടിടത്തിന്‍ മേല്‍ ഇടിക്കുകയായിരുന്നു. ഈ കോളനിയിലെ വീടുകളില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.

സംഭവം ഞെട്ടിക്കുന്നതാണെന്നും പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സി.ഇ.ഒ അര്‍ഷാദ് മാലിക്കുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്.

കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തര സമയം പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്‍ സേന, വ്യോമ സേന ഹെലികോപ്േടറുകള്‍, ഫയര്‍ഫോഴ്‌സ്, ആബുംലന്‍സുകള്‍, മറ്റു രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ തുടങ്ങിയവ സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പി.കെ 8303 വിമാനമാണ് തകര്‍ന്നത്. ലാഹോറില്‍ നിന്നും ഒരു മണിക്കാണ് വിമാനം പുറപ്പെട്ടത്. 2.45 കറാച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. വിമാനം ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് പൈലറ്റ് പറഞ്ഞിരുന്നെന്നാണ് പി..ഐ.എ സി.ഇ.ഒ അര്‍ഷാദ് മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more