| Wednesday, 8th January 2025, 7:46 am

തോറ്റുനില്‍ക്കുന്ന പാകിസ്ഥാന് ഇരട്ട തിരിച്ചടി; എടുത്തുകളഞ്ഞത് 13 പോയിന്റ്, ബംഗ്ലാദേശിനും താഴെ

സ്പോര്‍ട്സ് ഡെസ്‌ക്

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പാകിസ്ഥാന് ശിക്ഷ വിധിച്ച് ഐ.സി.സി. പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം വണ്‍ ഓഫ് ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഐ.സി.സി നടപടിയെടുത്തിരിക്കുന്നത്.

നിശ്ചിത സമയത്തിനുള്ളില്‍ പാകിസ്ഥാന്‍ അഞ്ച് ഓവറുകള്‍ പിന്നിലായിരുന്നു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ കുമാര്‍ ധര്‍മസേന, നിതില്‍ മേനോന്‍, തേര്‍ഡ് അമ്പയറായ അലക്‌സ് വാര്‍ഫ്, നാലാം അമ്പയര്‍ സ്റ്റീഫന്‍ ഹാരിസ്, മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സണ്‍ എന്നിവരുടെ പാനലാണ് പാകിസ്ഥാനെതിരെ നടപടിയെടുത്തത്.

നടപടികളുടെ ഭാഗമായി മാച്ച് ഫീസിന്റെ 25 ശതമാനം പാകിസ്ഥാന്‍ പിഴയായി ഒടുക്കണം. ഒപ്പം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും അഞ്ച് പോയിന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിന് താഴെ ഒമ്പതാം സ്ഥാനത്തേക്ക് വീണു. കളിച്ച 12 മത്സരത്തില്‍ നിന്നും നാല് മത്സരം വിജയിച്ച് പാക് പട എട്ട് തോല്‍വിയും വഴങ്ങി.

നിലവില്‍ 35 പോയിന്റാണ് പാകിസ്ഥാനുള്ളത്. അതായത് ഈ സൈക്കിളില്‍ ആകെ 13 പോയിന്റുകളാണ് പാകിസ്ഥാന് നഷ്ടപ്പെട്ടത്. ഒരുപക്ഷേ ഈ പോയിന്റുകള്‍ നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ 48 പോയിന്റുകള്‍ മെന്‍ ഇന്‍ ഗ്രീനിന്റെ പേരിലുണ്ടാകുമായിരുന്നു.

എന്നാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്തതിനാല്‍ ഈ പോയിന്റ് വെട്ടിക്കുറയ്ക്കല്‍ പാകിസ്ഥാനെ ബാധിച്ചേക്കില്ല.

അതേസമയം, പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം വണ്‍ ഓഫ് ടെസ്റ്റും വിജയിച്ച് ആതിഥേയര്‍ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരുന്നു. ന്യൂലാന്‍ഡ്സില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ഗംഭീര ജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ സൗത്ത് ആഫ്രിക്ക മറികടന്നു.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 615 & 61/0 (T: 58)

പാകിസ്ഥാന്‍: 194 & 478 (f/o)

ഇരട്ട സെഞ്ച്വറിയുമായി സൗത്ത് ആഫ്രിക്കയുടെ ടോട്ടലില്‍ നിര്‍ണായകമായ റിയാന്‍ റിക്കല്‍ടണ്‍ കളിയിലെ താരമായപ്പോള്‍ രണ്ട് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത മാര്‍കോ യാന്‍സെന്‍ പരമ്പരയുടെ താരവുമായി.

ഈ പര്യടനത്തിലെ ആദ്യ വണ്‍ ഓഫ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ സൗത്ത് ആഫ്രിക്ക വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും യോഗ്യത നേടിയിരുന്നു. ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ഡബ്ല്യൂ.ടി.സി ഫൈനലിന് യോഗ്യത നേടുന്നത്.

Content Highlight: Pakistan penalized for slow over rate in second Test in South Africa

We use cookies to give you the best possible experience. Learn more