ഇസ്‌ലാമാബാദ്: പുതിയ പീഡന വിരുദ്ധ ബില്‍ പാസാക്കി പാകിസ്ഥാന്‍ പാര്‍ലമെന്റ്. പീഡനക്കേസുകളില്‍ വേഗത്തിലുള്ള വിചാരണ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും പ്രതികളെ ശിക്ഷയായി കെമിക്കല്‍ വൃഷ്ണച്ഛേദത്തിന് (Castration) വിധേയമാക്കാന്‍ അനുവദിക്കുന്നതുമാണ് പുതിയ നിയമം.
പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തോട് കൂടിയാണ് ബില്‍ നിയമമായത്.
സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ബുധനാഴ്ച പുതിയ നിയമം പാസാക്കിയത്. തുടര്‍ച്ചയായി പീഡനക്കേസുകളില്‍ പ്രതികളാകുന്നവരെയായിരിക്കും ഇത്തരത്തില്‍ ശിക്ഷിക്കുക.
മരുന്ന് കുത്തി വെച്ച് പ്രതിയുടെ ലൈംഗികാവയവം മുറിച്ച് മാറ്റുന്ന രീതിയിലായിരിക്കും വൃഷ്ണച്ഛേദം അഥവാ Castration ശിക്ഷാവിധി നടപ്പിലാക്കുക. ഒരു മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇത് നടത്തുക.
അതേസമയം പാര്‍ലമെന്റ് സമ്മേളനത്തിനിടെ ജമാഅത്ത്-ഇ-ഇസ്‌ലാമി സെനറ്ററായ മുഷ്താഖ് അഹ്മദ് ബില്ലിനെ എതിര്‍ത്ത് സംസാരിച്ചതായി പാകിസ്ഥാന്‍ മാധ്യമമായ ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ബില്ലും പുതിയ ശിക്ഷാരീതിയും ഇസ്‌ലാമിക് അല്ലെന്നും ശരീഅത്തിന് വിരുദ്ധമാണെന്നുമാണ് സെനറ്റര്‍ വാദിച്ചത്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും വന്ന നിയമമാണ് കാസ്‌ട്രേഷന്‍ എന്നും അഹ്മദ് പറഞ്ഞു. റേപിസ്റ്റുകളെ വൃഷ്ണച്ഛേദം ചെയ്യുകയല്ല, മറിച്ച് പരസ്യമായി തൂക്കിലേറ്റുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.