മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മികച്ച പ്രകടനം കാഴ്ചവെക്കാത്തത് ഇന്ത്യന്‍ ടീമിനെയോ ഇന്ത്യന്‍ ആരാധകരെയോ മാത്രമല്ല നിരാശരാക്കുന്നത്, ക്രിക്കറ്റ് ലോകം ഒന്നാകെ വിരാട് ഫോമിലേക്ക് മടങ്ങിയെത്താന്‍ പ്രത്യാശിക്കുന്നവരാണ്.
വിരാടിന്റെ കഴിഞ്ഞ പര്യടനങ്ങളും പരമ്പരകളും എല്ലാം തന്നെ സമ്പൂര്‍ണ പരാജയമായിരുന്നു. കഴിഞ്ഞ കാലങ്ങളിലൊന്നും തന്നെ കാണാത്ത, കരിയറിലെ തന്നെ മോശം അവസ്ഥയിലൂടെയാണ് താരം പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ക്രിക്കറ്റ് ലോകമൊന്നാകെ വിരാടിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുമുണ്ട്. മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളുമെല്ലാം തന്നെ കരുതുന്നത് ഏഷ്യാ കപ്പ് താരത്തിന്റെ കരിയറിലെ തന്നെ നിര്‍ണായക ഭാഗമാവുമെന്നതാണ്.
ഏഷ്യാ കപ്പിന് മുന്നോടിയായി വിരാടിന്റെ മോശം ഫോമിനെ കുറിച്ച് പറഞ്ഞിരുക്കുകയാണ് പാകിസ്ഥാന്റെ സൂപ്പര്‍ താരം ഷദാബ് ഖാന്‍.
വിരാട് ഫോമിലേക്ക് മടങ്ങിവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ടൂര്‍ണമെന്റില്‍ അദ്ദേഹം സെഞ്ച്വറി നേടണമെന്നുമാണ് തന്റെ പ്രത്യാശയെന്നും ഷദാബ് പറയുന്നു.
‘വിരാട് ഫോമിലേക്ക് മടങ്ങിയെത്താന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം ടൂര്‍ണമെന്റില്‍ ഒരു സെഞ്ച്വറി നേടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
വിരാട് ഒരു ഇതിഹാസവും മികച്ച താരവുമാണ്. അദ്ദേഹം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അദ്ദേഹം ക്രീസില്‍ നില്‍ക്കുമ്പോള്‍ എല്ലാ ബൗളര്‍മാരും അദ്ദേഹം തന്നെ അടിച്ചു പറത്തുമോ എന്ന് ഉറപ്പായും പേടിക്കും,’ ഷദാബ് പറഞ്ഞു.
നേരത്തെ പാക് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രിദിയും വിരാട് ഫോമിലേക്ക് മടങ്ങി വരണമെന്ന് പ്രാര്‍ത്ഥിക്കുമെന്ന് പറഞ്ഞിരുന്നു.
ഇതിന് പുറമെ പാക് നായകന്‍ ബാബര്‍ അസമിന്റെ ജന്മസ്ഥലമായ ലാഹോറില്‍ നിന്നെത്തിയ പാക് ആരാധകനും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. വിരാട് ഫോമിലേക്ക് മടങ്ങിയെത്തണമെന്നും, അത് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിലായാല്‍ പോലും തനിക്ക് സന്തോഷമെന്നായിരുന്നു അയാള്‍ പറഞ്ഞത്.
അതേസമയം, മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയും വിരാടിന്റെ മോശം ഫോമിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഷ്യാ കപ്പിലെ പ്രകടനമായിരിക്കും ടി-20 ലോകകപ്പ് സ്‌ക്വാഡിലേക്ക് വിരാടിന്റെ സ്ഥാനം തീരുമാനിക്കുന്നത്.