ഏഷ്യാ കപ്പിന് പിന്നാലെ ലോകകപ്പിലും പാകിസ്ഥാന് തിരിച്ചടി; സ്റ്റാര്‍ പേസര്‍ പുറത്ത്
Cricket
ഏഷ്യാ കപ്പിന് പിന്നാലെ ലോകകപ്പിലും പാകിസ്ഥാന് തിരിച്ചടി; സ്റ്റാര്‍ പേസര്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 9:38 am

ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാകിസ്ഥാന് കനത്ത തിരിച്ചടി. പരിക്ക് കാരണം പാക് പേസർ നസീം ഷാ ലോകകപ്പിലെ ആദ്യ മത്സരങ്ങൾ കളിച്ചേക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഏഷ്യാ കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് പാക് ആരാധകർക്ക് നിരാശ നൽകുന്ന ഈ വാർത്ത എത്തിയത്.

ഏഷ്യാ കപ്പ്‌ സൂപ്പർ ഫോറിലെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. പരിക്കിന് പിന്നാലെ ശ്രീലങ്കക്കെതിരായ നിർണായക മത്സരവും താരത്തിന് നഷ്ടമായി. ആ മത്സരത്തിൽ ശ്രീലങ്കക്കെതിരെ രണ്ട് വിക്കറ്റുകൾക്ക് തോറ്റ് പാകിസ്ഥാൻ പുറത്തായിരുന്നു.

താരത്തിന് ഏകദിന ലോകകപ്പിലെ കുറച്ചുമത്സരങ്ങൾ നഷ്ടമാവുമെന്ന് പാക് നായകൻ ബാബർ അസം പറഞ്ഞു.

 

2022ൽ ഏകദിനത്തിൽ പാകിസ്ഥാന് വേണ്ടി അരങ്ങേറിയ ഈ ഇരുപതുകാരൻ 14 മത്സരങ്ങളിൽ നിന്നും 34 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ ഏഴ് വിക്കറ്റുകളും താരം നേടി.

താരം പരിക്കിൽ നിന്നും മുക്തനായി ലോകകപ്പിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാകപ്പിൽ നേപ്പാളിനെതിരെ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയ പാകിസ്ഥാൻ പിന്നീട് ബംഗ്ലാദേശിനെയും വീഴ്ത്തിയിരുന്നു. എന്നാൽ സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരെയും ശ്രീലങ്കക്കെതിരെയും കാലിടറുകയായിരുന്നു.

 

ഏഷ്യാ കപ്പ് തുടങ്ങുന്നതിന് മുൻപ് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു പാകിസ്ഥാൻ നിലനിന്നിരുന്നത്. എന്നാൽ സൂപ്പർ ഫോറിൽ നടന്ന മത്സരങ്ങളിൽ ഇന്ത്യയോടും ശ്രീലങ്കയോടുമേറ്റ തോൽവി പാക് ടീമിന് തിരിച്ചടിയായി. ഈ തോൽവികൾക്ക് പിന്നാലെ പാകിസ്ഥാൻ ഐ.സി.സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്‌ നിന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ലോകകപ്പിൽ ഇന്ത്യ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക,ഓസ്ട്രേലിയ എന്നീ കുരുത്തരായ ടീമുകളാണ് പാക്കിസ്ഥാന്റെ ഗ്രൂപ്പിൽ ഉള്ളത്. ഒക്‌ടോബർ ഏഴിന് ഹോളണ്ടിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.

ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബർ 29 ന് ന്യൂസിലാൻഡിനെതിരെയും ഒക്‌ടോബർ മൂന്നിന് ഓസ്ട്രേലിയക്കെതിരെയും പാകിസ്ഥാൻ സന്നാഹമത്സരം കളിക്കും.

Content Highlight: Pakistan pacer Naseem Sha will miss the World Cup due to injury.