പരിക്കിന്റെ പിടിയിലകപ്പെട്ട് പല പ്രധാന മത്സരങ്ങളും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് നഷ്ടമായിരിക്കുകയാണ്. പുറം ഭാഗത്തേറ്റ പരിക്കിന് പിന്നാലെ ഏഷ്യാ കപ്പ്, ടി-20 ലോകകപ്പ്, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി അടക്കമുള്ള പല പ്രധാന ടൂര്‍ണമെന്റുകളും പരമ്പരകളും ബുംറക്ക് ഇതിനോടകം തന്നെ നഷ്ടമായിരുന്നു.
വരാനിരിക്കുന്ന ഐ.പി.എല്ലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ബുംറക്ക് കളിക്കാന്‍ സാധിക്കില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിക്കിന്റെ കാഠിന്യം താരത്തിന്റെ കരിയര്‍ എന്‍ഡിലേക്ക് പോലും എത്തിച്ചേക്കും എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്ന്, നാല് മത്സരത്തിലും പിന്നാലെയെത്തുന്ന ഏകദിന പരമ്പരയിലും ബുംറ ടീമിനൊപ്പമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ താരത്തിന്റെ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്ന് എന്‍.സി.എ താരത്തെ കളിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ ബുംറയെ കുറിച്ചും അദ്ദേഹത്തിന്റെ പരിക്കിനെ കുറിച്ചും പറയുകയാണ് മുന്‍ പാക് സൂപ്പര്‍ താരം മുഹമ്മദ് ആമിര്‍.
പുറം ഭാഗത്തെ പരിക്ക് കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ പോന്നതാണെന്നും ബുംറ വളരെ പെട്ടെന്ന് തന്നെ പൂര്‍ണ ആരോഗ്യവാനായി കളിക്കളത്തിലേക്കെത്തെട്ടെ എന്നും ആമിര്‍ പറഞ്ഞു.
തുടര്‍ച്ചയായി നിരവധി മത്സരങ്ങള്‍ കളിച്ചതാണ് അദ്ദേഹത്തിന് വിനയായതെന്നും ബുംറ ആവശ്യത്തിന് വിശ്രമം എടുക്കേണ്ടിയിരുന്നുവെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
‘ബുംറ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരമാണ്, അവന്‍ ഐ.പി.എല്ലിലും കളിക്കുന്നുണ്ട്. അവന്റെ ശരീരം ക്ഷീണിക്കുകയാണ്, അവനോട് വിശ്രമം ആവശ്യപ്പെടുകയാണ്.
എന്റെ ശത്രുവിന് പോലും പുറം ഭാഗത്തോ കാല്‍മുട്ടിനോ പരിക്കേല്‍ക്കണമെന്ന് ഞാന്‍ ഒരിക്കല്‍പ്പോലും ആഗ്രഹിക്കില്ല. അത് ക്രിക്കറ്റര്‍മാരുടെ കരിയര്‍ പോലും ഇല്ലാതാക്കാന്‍ പോന്നതാണ്. ഇപ്പോഴുള്ള എല്ലാ പരിക്കില്‍ നിന്നും തിരിച്ചടികളില്‍ നിന്നും അവന്‍ വളരെ വേഗം മുക്തനാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ആമിര്‍ പറഞ്ഞു.
ആറ് മാസത്തോളം താരത്തിന് വിശ്രമം ആവശ്യമാണെന്നും ഇതിന് ശേഷം മാത്രമേ കളിക്കളത്തിലേക്ക് ബുംറ എത്തൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ 50 ഓവര്‍ വേള്‍ഡ് കപ്പില്‍ താരം ഇന്ത്യക്കൊപ്പമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Content highlight: Pakistan pacer Mohammad Amir about Jasprit Bumrah