'ഐ ലവ് ഇന്ത്യ' എന്ന് പാകിസ്ഥാന്‍ സൂപ്പര്‍ താരം; ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ഇപ്പോള്‍ അവിടുന്ന് അടിച്ചുകിട്ടും, അതാണ് അനുഭവം
Sports News
'ഐ ലവ് ഇന്ത്യ' എന്ന് പാകിസ്ഥാന്‍ സൂപ്പര്‍ താരം; ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ഇപ്പോള്‍ അവിടുന്ന് അടിച്ചുകിട്ടും, അതാണ് അനുഭവം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st August 2022, 4:57 pm

ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന, ഈ വര്‍ഷത്തെ ഇന്ത്യ – പാകിസ്ഥാന്‍ ഫേസ് ഓഫില്‍ അവസാന ചിരി ഇന്ത്യയുടേതായിരുന്നു. രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയിരിക്കെയായിരുന്നു ഹര്‍ദിക്കിന്റെ സിക്‌സറിലൂടെ ഇന്ത്യ ലക്ഷ്യം നേടിയത്.

കളിക്കളത്തിലും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യ – പാക് താരങ്ങള്‍. ആരാധകര്‍ പരസ്പരം കൊലവിളി നടത്തുമ്പോഴാണ് അതിന് വിപരീതമായി താരങ്ങള്‍ മികച്ച ബന്ധം വെച്ചുപുലര്‍ത്തുന്നത്.

കഴിഞ്ഞ മത്സരത്തിന് ശേഷം ഐ.സി.സി ക്രിക്കറ്റ് അക്കാദമിയില്‍ പ്രാക്ടീസ് നടത്തുകയായിരുന്ന പാക് സൂപ്പര്‍ പേസര്‍ ഹസന്‍ അലിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

തന്നെ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞ ഹസന്‍ അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും അല്‍പനേരം ചെലവഴിക്കുകയുമായിരുന്നു. തങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ തനിക്ക് ഇന്ത്യയെ ഒരുപാടിഷ്ടമാണെന്നായിരുന്നു (ഐ ലവ് ഇന്ത്യ) ഹസന്റെ മറുപടി.

ഇന്ത്യയിലും അദ്ദേഹത്തിന് ആരാധകരുണ്ടെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ ‘ഇന്ത്യ സേ ഫാന്‍ തോ ഹാംഗേ ഹി നാ’ (തീര്‍ച്ചയായും ഇന്ത്യയില്‍ നിന്നും ആരാധകരുണ്ടാവും) എന്നായിരുന്നു ഹസന്‍ അലിയുടെ മറുപടി.

ഇന്ത്യന്‍ വംശജയായ സാമിയ ആര്‍സുവാണ് ഹസന്‍ അലിയുടെ ഭാര്യ, ഇതിനാല്‍ തന്നെ അദ്ദേഹത്തിന് ഇന്ത്യയോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്.

എന്നാല്‍ ഹസന്‍ അലിയുടെ ഐ ലവ് ഇന്ത്യ കമന്റിനോട് പാകിസ്ഥാന്‍ ആരാധകര്‍ എത്രകണ്ട് പോരുത്തപ്പെടുമെന്ന് അറിയില്ല.

നേരത്തെ, ഇന്ത്യ തന്റെ ശത്രുരാജ്യമാണെന്ന് പറഞ്ഞ ഷാഹിദ് അഫ്രിദിയെ വിമര്‍ശിച്ച മുന്‍ പാക് താരം ഡാനിഷ് കനേരിയക്ക് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു.

ഡാനിഷ് കനേരിയ പാകിസ്ഥാനില്‍ ജീവിക്കാന്‍ യോഗ്യനല്ല എന്നും ഇന്ത്യയിലേക്ക് പോവാനുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.

ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ താരം ആദ്യം ടീമിലുണ്ടായിരുന്നില്ല. മുഹമ്മദ് വസീമിന് പരിക്കേറ്റതോടെയാണ് താരം ഏഷ്യാ കപ്പിനെത്തിയത്. എന്നാല്‍ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. ഹാരിസ് റൗഫ്, ഷഹനവാസ് ദഹാനി, നസീം ഷാ എന്നിവരായിരുന്നു പാക് നായന്‍ ബാബര്‍ അസമിന്റെ പ്ലാനിലുണ്ടായിരുന്നത്.

എന്നാല്‍ അടുത്ത മത്സരത്തില്‍ താരം ടീമിനൊപ്പമുണ്ടാകുമെന്നാണ് സൂചനകള്‍. നസീം ഷാക്ക് പരിക്കേറ്റതിനാല്‍ താരം കളത്തിലിറങ്ങുമെന്നാണ് കണക്കുകൂട്ടുന്നത്.

അടുത്ത മത്സരം പാകിസ്ഥാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമോ സൂപ്പര്‍ ഫോറില്‍ കടക്കാന്‍ പാകിസ്ഥാനാവൂ. സെപ്റ്റംബര്‍ രണ്ടിനാണ് ഹോങ് കോങ് – പാകിസ്ഥാന്‍ മത്സരം.

 

Content highlight: Pakistan pacer Hasan Ali says ‘I Love India’ goes viral in social media