| Wednesday, 28th July 2021, 6:21 pm

'അങ്ങനെ ഒരു വിഡ്ഢിത്തം ഞാന്‍ ഒരിക്കലും പറയില്ല', ബലാത്സംഗത്തെക്കുറിച്ചുള്ള മുൻ പ്രസ്താവനയില്‍ മറുപടിയുമായി ഇമ്രാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ബലാത്സംഗത്തക്കുറിച്ചുള്ള തന്റെ മുന്‍ പ്രസ്താവനയെ നിഷേധിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബലാത്സംഗത്തിന് ഇരയാകുന്നവരാണ് അതിന്റെ കാരണക്കാര്‍ എന്ന തരത്തിലൊരു പരാമര്‍ശം താന്‍ എവിടെയും നടത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ഒരു വിഡ്ഢിത്തം താന്‍ ഒരിക്കലും പറയില്ലെന്നും അദ്ദേഹം  പറഞ്ഞു.

തന്റെ മുന്‍ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ എന്തുകൊണ്ടാണ് ലൈംഗീകാതിക്രമങ്ങള്‍ വര്‍ധിക്കുന്നത് എന്ന ചോദ്യത്തുനുള്ള മറുപടിയില്‍ പറഞ്ഞ ചില ഭാഗങ്ങളാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടതെന്നും യു.എസ്. ആസ്ഥാനമായുള്ള പി.ബി.എസ്. ന്യൂസ് അവറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം  പറഞ്ഞു.

സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് കാരണമാണ് രാജ്യത്ത് ബലാത്സംഗ കേസുകളും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നത് എന്ന് ഇമ്രാന്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

‘തീര്‍ച്ചയായും ബലാത്സംഗം ചെയ്യുന്ന ആള്‍ക്കാണ് ആ ക്രൈമിന്റെ ഉത്തരവാദിത്തം. എത്ര പ്രകോപനപരമായി വസ്ത്രം ധരിച്ചാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീക്ക് അതിന്റെ ഉത്തരവാദിത്തമില്ല,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാനില്‍ വര്‍ധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ അടുത്തിടെയുണ്ടായ പ്രതിഷേധത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 22,000ന് മുകളില്‍ ബലാത്സംഗ കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഓരോ ദിവസവും 11 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

CONTENT HIGHLIGHTS: Pakistan P.M.  Imran Khan Backtracks On His Rape Remarks

We use cookies to give you the best possible experience. Learn more