| Monday, 13th June 2022, 7:36 pm

തോല്‍പിച്ചത് വെസ്റ്റ് ഇന്‍ഡീസിനെയാണെങ്കിലും പണി കിട്ടിയത് ഇന്ത്യക്കാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കയുമായുള്ള രണ്ട് ട്വന്റി-20 മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യക്ക് അടുത്ത തിരിച്ചടി. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നാലാം സ്ഥാനത്തിരുന്ന ഇന്ത്യയെ പിന്തള്ളി പാകിസ്ഥാന്‍ നാലാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ മൂന്ന് കളിയും ജയിച്ചതാണ് പാകിസ്ഥാന് റാങ്കിങ്ങില്‍ മുന്നേറാന്‍ സഹായിച്ചത്. പരമ്പര തുടങ്ങുന്നതിന് മുമ്പ് 102 റേറ്റിങ്ങുമായി അഞ്ചാം സ്ഥാനത്തായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ വൈറ്റ് വാഷ് ചെയ്തതോടെ നാല് പോയിന്റ് വര്‍ധിച്ചുകൊണ്ട് 106 റേറ്റിങ്ങാണ് പാകിസ്ഥാനിപ്പോള്‍.

105 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ടീം ഇന്ത്യ. ഒന്നാം സ്ഥാനത്ത് 125 റേറ്റിങ്ങുള്ള ന്യൂസിലാന്‍ഡാണ്. 124 റേറ്റിങ്ങുമായി ഇംഗ്ലണ്ട് തൊട്ടുപിന്നാലെ തന്നെയുണ്ട്. 107 റേറ്റിങ്ങോടെ ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

50 ഓവര്‍ ഫോര്‍മാറ്റില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പാകിസ്ഥാന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ തോറ്റതൊഴിച്ചാല്‍, സിംബാവെയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പരമ്പര 2-1 എന്ന നിലയില്‍ വിജയിച്ചതുള്‍പ്പടെ അവര്‍ നേരിട്ട എല്ലാ ടീമിനെതിരെയും വിജയിച്ചിരുന്നു.

1998 ന് ശേഷം ആദ്യമായി പാകിസ്ഥാന്‍ സന്ദര്‍ശിക്കാനെത്തിയ ഓസ്ട്രേലിയയെ അവര്‍ പരാജയപ്പെടുത്തി. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പാകിസ്ഥാനെതിരെ 3-0 ന് തോറ്റിരുന്നു.

ക്യാപ്റ്റന്‍ ബാബര്‍ അസം തന്നെയാണ് ബാറ്റിങ്ങിലെ പാകിസ്ഥാന്റെ ശക്തി. ഓരോ മത്സരം കഴിയുമ്പോഴും ഓരോ റെക്കോഡ് തകര്‍ക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. ഇമാമുല്‍ ഹഖും, ഫഖാര്‍ സമാനും പാക് ബാറ്റിങ്ങിന്റെ ശക്തികളാണ്. ബാബര്‍ തന്നെയാണ് റാങ്കിലുള്ള ബാറ്ററും.

ഷഹീന്‍ അഫ്രീദിയുടെ കീഴിലുള്ള ബൗളിങ്ങ് നിരയും ഒന്നിനൊന്നു മെച്ചമാണ്.

തൊട്ടടുത്ത മാസങ്ങളില്‍ ഇംഗ്ലണ്ടിനെതിരെയും, വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഏകദിന പരമ്പര കളിക്കാനുള്ള ഇന്ത്യക്ക് പാകിസ്ഥാനെ മറികടക്കാവുന്നതാണ്. അവസാനമായി ഇന്ത്യ ഏകദിന പരമ്പര കളിച്ചത് ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു.

Content Highlights: Pakistan overcame India in odi ranking

We use cookies to give you the best possible experience. Learn more