Daily News
ഭൂപട ബില്‍; പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 May 17, 05:20 pm
Tuesday, 17th May 2016, 10:50 pm

ind map

ന്യൂദല്‍ഹി: തെറ്റായ ഇന്ത്യന്‍ ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ പിഴയും തടവും ഏര്‍പ്പെടുത്തുന്നതിനുള്ള ഇന്ത്യന്‍ ബില്ലിനെതിരെ രംഗത്തെത്തിയ പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മറുപടി. വിഷയം തീര്‍ത്തും ഇന്ത്യയുടെ ആഭ്യന്തര നിയമ നിര്‍മ്മാണപരമായ വിഷയമാണെന്നും പാക്കിസ്ഥാനെന്നല്ല മറ്റാര്‍ക്കും ഇതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.

പാക്ക് അധീന കശ്മീരും അരുണാചല്‍പ്രദേശും ഇന്ത്യയുടെ ഭാഗമായല്ലാതെ ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഏഴു വര്‍ഷത്തെ തടവും പരമാവധി 100 കോടി രൂപ പിഴയും ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലിനെതിരെയാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്കെതിരാണെന്നും അത് തടയണമെന്നും യു.എന്നിനോട് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ആശങ്കയറിയിച്ച് പാക്കിസ്ഥാന്‍ യു.എന്‍ സെക്രട്ടറി ജനറലിനും യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റിനും കത്തയച്ചിച്ചുണ്ടെന്നും വിദേശ ഓഫിസ് അറിയിച്ചു.

ഇതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തിയത്. നിലവിലുള്ള ബില്‍ ഇന്ത്യയുടെ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട കാര്യമാണ്. ജമ്മു കശ്മീരിന്റെ മുഴുവന്‍ ഭാഗവും ഇന്ത്യയുടെ അവിഭാജ്യ ഘടമാണ്. പാക്കിസ്ഥാന്‍ എന്നല്ല ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഇക്കാര്യങ്ങളെല്ലാം വിശദമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെ പരിശോധിക്കാമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷേ, പാക്കിസ്ഥാന്‍ രാജ്യാന്തരതലത്തിലുള്ള ഇടപെടലുകള്‍ ആവര്‍ത്തിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു, വികാസ് സ്വരൂപ് പറഞ്ഞു.

ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണോ അല്ലയോ എന്നതിനെച്ചൊല്ലി തര്‍ക്കം നില്‍ക്കുകയാണ് എന്നാണ് പാക്കിസ്ഥാന്‍ കത്തില്‍ പറഞ്ഞത്. യഥാര്‍ഥമായും നിയമപരമായും അത് ഇന്ത്യയുടെ ഭാഗമാണെന്ന് സമര്‍ത്ഥിക്കാന്‍ കഴിയില്ല. ആ സാഹചര്യത്തില്‍ ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതുമൂലം ആളുകള്‍ക്കോ സംഘടനകള്‍ക്കോ ജമ്മു കശ്മീര്‍ തര്‍ക്ക പ്രദേശമായി കാണിക്കാനാകില്ല. യു.എന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും ഇന്ത്യന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കത്തില്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.

പുതിയ നിയമം അച്ചടി, ഓണ്‍ലൈന്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും ബാധകമാണ്. ഗൂഗിള്‍ പോലുള്ള മാധ്യമങ്ങള്‍ രാജ്യത്തിന്റെ ഭൂപടം പ്രസിദ്ധീകരിക്കുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇവ ഇടയ്ക്കിടെ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. രാജ്യത്തിന്റെ തെറ്റായ ഭൂപടം പ്രസിദ്ധീകരിക്കുന്നത് ഐ.ടി ആക്ടിന്റെ പരിധിയില്‍ ഇപ്പോഴും കുറ്റകരമാണ്. ഈ കുറ്റത്തിനു കഴിഞ്ഞ വര്‍ഷം അല്‍ജസീറ ടിവി ചാനല്‍ അഞ്ചുദിവസത്തേക്കു നിരോധിച്ചിരുന്നു.