അവിശ്വാസ പ്രമേയം പരാജയപ്പെട്ടാലും രാജ്യം ഭരിക്കാമെന്ന് ഇമ്രാന്‍ ഖാന്‍ വ്യാമോഹിക്കേണ്ട; തെരുവിലിറങ്ങും, രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും: മൗലാന ഫസലുര്‍ റഹ്മാന്‍
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ പ്രതിപക്ഷം തെരുവിലിറങ്ങുമെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം) നേതാവ് മൗലാന ഫസലുര്‍ റഹ്മാന്‍.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടാലും ഇമ്രാന്‍ ഖാന് പാകിസ്ഥാന്‍ ഭരിക്കാനാവുമെന്ന് കരുതേണ്ടെന്നും ഫസലുര്‍ റഹ്മാന്‍ പറഞ്ഞതായി ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.
”ഞങ്ങള്‍ വന്നാലും ഇല്ലെങ്കിലും ഇമ്രാന്‍ ഖാന്‍ പുറത്തുപോകണം. ജനാധിപത്യപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും ഞങ്ങള്‍ ഇയാളെ പുറത്താക്കുന്നതിന് വേണ്ടി ഉപയോഗിക്കും,” ഫസലുര്‍ റഹ്മാന്‍ പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിന് യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”മാന്യതയുമായി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് എത്ര വേണമെങ്കിലും ഭ്രാന്തനാകാം. ഏത് സമൂഹത്തിലാണ് അയാള്‍ വളര്‍ന്നുവന്നത് എന്ന് ആര്‍ക്കും അറിയില്ല,” ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചുകൊണ്ട് ഫസലുര്‍ റഹ്മാന്‍ പറഞ്ഞു.
പ്രതിപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളായ മൗലാന ഫസലുര്‍ റഹ്മാന്‍, ആസിഫ് സര്‍ദാരി, ഷെഹബാസ് ഷെരീഫ് എന്നിവരാണ് അവിശ്വാസ പ്രമേയ അവതരണത്തിന് നേതൃത്വം നല്‍കുന്നത്.
അതേസമയം, അവിശ്വാസ പ്രമേയം നേരിടുന്നതിന് മുന്നോടിയായി കഴിഞ്ഞദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ മോശം വാക്കുകളുപയോഗിച്ച് ഖാന്‍ അഭിസംബോധന ചെയ്തിരുന്നു. പ്രമേയം പരാജയപ്പെട്ടാല്‍ അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഇമ്രാന്‍ ഖാന്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.