ഇമ്രാന്‍ ഖാനെതിരായ പാക് സുപ്രീംകോടതി വിധി ആഘോഷിച്ച് പ്രതിപക്ഷം
World News
ഇമ്രാന്‍ ഖാനെതിരായ പാക് സുപ്രീംകോടതി വിധി ആഘോഷിച്ച് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th April 2022, 8:39 am

ലാഹോര്‍: ഇമ്രാന്‍ ഖാനെതിരായ പാകിസ്ഥാന്‍ സുപ്രീംകോടതിയുടെ വിധി ആഘോഷിച്ച് പ്രതിപക്ഷം.

ദേശീയ അസംബ്ലി ചേരാനും ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താനും ഉത്തരവിട്ട കോടതിയുടെ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും സ്വാഗതം ചെയ്തു.

‘ഭരണഘടനയുടെ പ്രധാന്യം തെളിയിച്ച ദിവസം, ഏറ്റവും മോശവും പരാജയപ്പെട്ടതുമായ സര്‍ക്കാരിനെതിരായ വിധി’ എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.

കോടതി വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

വ്യാഴാഴ്ചയായിരുന്നു പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ സുപ്രീംകോടതിയുടെ സുപ്രധാന വിധി.

ഇമ്രാന്‍ ഖാനെതിരായി പ്രതിപക്ഷം സമര്‍പ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിക്കുകയും നാഷണല്‍ അസംബ്ലിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്ത ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധിച്ചത്.

പ്രമേയം തള്ളിയ ഡപ്യൂട്ടി സ്പീക്കറുടെ നടപടിയും അതിന് തൊട്ടുപിന്നാലെ ഇമ്രാന്റെ നിര്‍ദേശമനുസരിച്ച് അസംബ്ലി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ട പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിയുടെ നടപടിയും കോടതി ഇതിനൊപ്പം റദ്ദാക്കി.

ദേശീയ അസംബ്ലി പുനസ്ഥാപിച്ച കോടതി ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തിന്മേല്‍ ശനിയാഴ്ച വോട്ടെടുപ്പ് നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ് ഉമര്‍ അക്താല്‍ ബാന്‍ഡിയലിന്റെ തേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കോടതി വിധിയെ തുടര്‍ന്ന് പാകിസ്ഥാനില്‍ കടുത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ച ഡപ്യൂട്ടി സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം നല്‍കിയ കേസ് കഴിഞ്ഞ നാല് ദിവസമായി കോടതി പരിഗണിച്ച് വരികയായിരുന്നു.

അവിശ്വാസം അവതരിപ്പിക്കുന്നത് തടയാന്‍ സ്പീക്കര്‍ക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാന്‍ സ്പീക്കര്‍ ഭരണഘടന വളച്ചൊടിച്ചു, അവിശ്വാസം പരിഗണനയിലിരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയില്‍ ഉന്നയിച്ചത്.

Content Highlight: Pakistan Opposition leaders celebrate Supreme court’s landmark ruling, against PM Imran Khan