ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷറ ബിബിയുടെ അടുത്ത സുഹൃത്ത് ഫറ ഖാന്‍ വന്‍തുകയുമായി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്.
അഴിമതി ആരോപണം നേരിടുന്ന ഇവര്‍ ഞായറാഴ്ച 90,000 ഡോളറുമായി ദുബായിയിലേക്ക് കടന്നെന്നാണ് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ പ്രതിപക്ഷവും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ആഢംബര ബാഗുമായി ഇവര്‍ വിമാനത്തിലിരിക്കുന്നതായി പറയുന്ന ചിത്രങ്ങളും തൊട്ടുപിന്നാലെ പുറത്തുവന്നിട്ടുണ്ട്.
ഫറ ഖാന്‍ വിമാനത്തിലിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഫോട്ടോ എപ്പോഴത്തേതാണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
പാകിസ്ഥാനിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍-എന്‍) നേതാവ് റോമിന ഖുര്‍ഷിദ് അലം, ഫറ ഖാന്റെ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Farah Khan, Bushra’s Frontwoman who ran away . The bag with her is for $90,000. Yes that’s ninety thousand dollars. pic.twitter.com/ESrZOKD3h6
സര്‍ക്കാരുദ്യോഗസ്ഥരെ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പോസ്റ്റുകളില്‍ നിയമിക്കുകയും സ്ഥലംമാറ്റം നടത്തിക്കൊടുക്കുകയും ചെയ്തതിന്റെ പേരില്‍ വന്‍തുക (ഏകദേശം ആറ് ബില്യണ്‍ പാകിസ്ഥാന്‍ രൂപ- 32 മില്യണ്‍ ഡോളര്‍) ഫറ ഖാന്‍ തട്ടിയെടുത്തിട്ടുള്ളതായും പ്രതിപക്ഷ ആരോപണമുണ്ട്.
പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന ഭയം കാരണമാണ് ഇവര്‍ നാടുവിട്ടതെന്നും ആരോപിക്കുന്നു. ഫറ ഖാന്റെ ഭര്‍ത്താവ് അഹ്‌സന്‍ ജാമില്‍ ഗുജ്ജറും നേരത്തെ പാകിസ്ഥാന്‍ വിട്ടിരുന്നു. അമേരിക്കയിലേക്കാണ് ഇയാള്‍ പോയതെന്നാണ് റിപ്പോര്‍ട്ട്.
ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധമുള്ള കൂടുതലാളുകള്‍ വരും ദിവസങ്ങളില്‍ രാജ്യം വിട്ടേക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
അതിനിടെ, കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇമ്രാന്‍ ഖാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ ദേശീയ അസംബ്ലി പ്രസിഡന്റ് അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടത്. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയ അവതരണത്തിന് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിക്കുകയും സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇത്.
സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
Content Highlight: Pakistan Opposition claims Friend Of Imran Khan’s Wife Fled Pakistan With “$90,000 Bag”