| Thursday, 15th December 2022, 10:36 am

ഞങ്ങള്‍ ഇന്ത്യയെ തോല്‍പിച്ചപ്പോള്‍ പാകിസ്ഥാനിലെ ഒരു കടക്കാരനും എന്നോട് പൈസ വാങ്ങിയിരുന്നില്ല, എല്ലാം ഫ്രീയായിരുന്നു: പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാക്കിയ കൂട്ടുകെട്ടായിരുന്നു ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഓപ്പണിങ് പെയര്‍. ടോപ് ഓര്‍ഡറില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ബാബറും റിസ്വാനുമിറങ്ങി വെടിക്കെട്ട് നടത്തുകയും ശേഷമെത്തുന്നവര്‍ അതേറ്റെടുക്കുകയുമായിരുന്നു ചെയ്തിരുന്നത്.

ഏകദിനത്തിലും ടി-20യിലുമെല്ലാം തന്നെ ഈ കൂട്ടുകെട്ട് മികച്ച റിസള്‍ട്ടുണ്ടാക്കിയിരുന്നു. പേസ് ബൗളിങ് മാത്രമല്ല, മോഡേണ്‍ ഡേയില്‍ തങ്ങളുടെ ആവനാഴിയില്‍ ഇതുപോലുള്ള തീപ്പൊരി ഐറ്റങ്ങളുമുണ്ടെന്ന് പാകിസ്ഥാന്‍ ലോക ക്രിക്കറ്റിന് കാണിച്ചുകൊടുത്തതും ബാബറിലൂടെയും റിസ്വാനിലൂടെയുമായിരുന്നു.

ഐ.സി.സി ടി-20 റാങ്കിങ്ങിലെത്താന്‍ എല്ലാ ബാറ്റര്‍മാരും മത്സരിച്ചപ്പോള്‍ ഒരുകാലത്ത് ഒന്നാം സ്ഥാനത്തിന് വേണ്ടി ഇവര്‍ പരസ്പരമായിരുന്നു മത്സരിച്ചിരുന്നത്.

ബാബറിനൊപ്പം നിരവധി ലോകറെക്കോഡുകളും മികച്ച മത്സരവിജയങ്ങളും റിസ്വാന്‍ സ്വന്തമാക്കിയിരുന്നു. അതിലൊന്നായിരുന്നു 2021 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഐ.സി.സി ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് പാകിസ്ഥാന്‍ മാറ്റിയെടുത്ത മത്സരം കൂടിയായിരുന്നു അത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.

ഈ പ്രകടനം തന്റെ ജീവിതം തന്നെ മാറ്റി മറിച്ചുവെന്ന് പറയുകയാണ് മുഹമ്മദ് റിസ്വാന്‍. ഈ കളിക്ക് പിന്നാലെ പാകിസ്ഥാനിലെ ഒറ്റ കടക്കാരന്‍ പോലും തന്നോട് പൈസ വാങ്ങിയില്ലെന്നും സാധനങ്ങള്‍ ഫ്രീയായി തന്നിരുന്നുവെന്നുമാണ് റിസ്വാന്‍ പറയുന്നത്.

‘2021 ലോകകപ്പില്‍ ഞങ്ങള്‍ ഇന്ത്യയെ തോല്‍പിച്ചപ്പോല്‍ പാകിസ്ഥാനില്‍ കച്ചവടക്കാരെല്ലാം തന്നെ എന്നോട് പൈസ വാങ്ങുന്നത് നിര്‍ത്തിയിരുന്നു. എല്ലാം സൗജന്യമായിട്ടായിരുന്നു അവര്‍ എനിക്ക് നല്‍കിയിരുന്നത്. ആ മത്സരത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള എല്ലാവരുടെയും സ്‌നേഹമായിരുന്നു അത്,’ റിസ്വാന്‍ പറഞ്ഞു.

2021 ടി-20 ലോകകപ്പില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ രണ്ട് പേരെയും ഇന്ത്യക്ക് നഷ്ടമായിരുന്നു. രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കായും കെ.എല്‍. രാഹുല്‍ എട്ട് പന്തില്‍ നിന്നും മൂന്ന് റണ്‍സും നേടി പുറത്തായി.

വിരാട് കോഹ്‌ലിയും റിഷബ് പന്തുമായിരുന്നു ഇന്ത്യക്കായി റണ്‍ നേടിയത്. 49 പന്തില്‍ നിന്നും വിരാട് 57 റണ്‍സ് നേടിയപ്പോള്‍ പന്ത് 30 പന്തില്‍ നിന്നും 39 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റില്‍ 151 റണ്‍സായിരുന്നു ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. റിസ്വാന്‍ 55 പന്തില്‍ നിന്നും റിസ്വാന്‍ 79 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ 52 പന്തില്‍ നിന്നും 68 റണ്‍സും നേടി.

Content Highlight: Pakistan opener Mohammad Rizwan shares his experience after Pakistan beat India in T20 World Cup 2021.

We use cookies to give you the best possible experience. Learn more