| Friday, 12th July 2019, 2:35 pm

വ്യോമപാത തുറന്നു നല്‍കില്ലെന്ന് പാകിസ്താന്‍; എയര്‍ ഇന്ത്യയ്ക്ക് പ്രതിദിനം നഷ്ടം 13 ലക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്താന്‍ വ്യോമപാത അടച്ചത് കൊണ്ട് എയര്‍ ഇന്ത്യയ്ക്ക് പ്രതിദിനം 13 ലക്ഷം നഷ്ടം സംഭവിക്കുന്നതായി കേന്ദ്ര വ്യോമായന മന്ത്രി ഹര്‍ദീപ് സിങ് പൂരി. ലോക്‌സഭയെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിമാനങ്ങള്‍ വഴി തിരിച്ചു വിടുന്നത് കൊണ്ട് യാത്രാ സമയം 15 മിനുട്ട് വര്‍ദ്ധിക്കുന്നതായി മന്ത്രി പറഞ്ഞു.

നിരോധനത്തിന്റെ തുടക്കത്തില്‍ പ്രതിദിനം 6 കോടി നഷ്ടം വന്നതായി എയര്‍ ഇന്ത്യ പറഞ്ഞിരുന്നു.

അതേസമയം വ്യോമപാത തുറന്നു തരണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചതായി പാകിസ്താന്‍ ഏവിയേഷന്‍ സെക്രട്ടറി ഷാരൂഖ് നുസ്‌റത് പറഞ്ഞു. പാകിസ്താന്‍ ഏവിയേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്ക് മുന്നിലാണ് ഇക്കാര്യം വിശദീകരിച്ചതെന്ന് ദ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ മുന്നോട്ടു വെച്ച യുദ്ധ വിമാനങ്ങള്‍ പിന്‍വലിക്കണമെന്നതാണ് ആവശ്യമെന്ന് ഷാരൂഖ് നുസ്‌റത് വ്യക്തമാക്കി. അതേസമയം വ്യോമപാത അടച്ചിട്ടത് കൊണ്ട് പാകിസ്താനും നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വന്‍ സാമ്പത്തിക പ്രതിസന്ധി നേരുന്ന പാകിസ്താന് കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഏകദേശം 688 കോടി നഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫെബ്രുവരി 26ലെ ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തെ തുടര്‍ന്നാണ് പാകിസ്താന്‍ വ്യോമപാത അടച്ചത്.

We use cookies to give you the best possible experience. Learn more