മലാലയെ ആക്രമിച്ച താലിബാന്‍ കമാന്ററെ വിട്ടുതരണമെന്ന് പാക്കിസ്ഥാന്‍
World
മലാലയെ ആക്രമിച്ച താലിബാന്‍ കമാന്ററെ വിട്ടുതരണമെന്ന് പാക്കിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2012, 7:00 am

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിനിരയായ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസുഫ്‌സായിയെ ആക്രമിച്ച താലിബാന്‍ കമാന്‍ഡര്‍ മൗലാന ഫസലുള്ളയെ വിട്ടുതരണമെന്ന് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടു. ഫസലുള്ളയെ കൈമാറാന്‍ അമേരിക്ക അഫ്ഗാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ ആവശ്യപ്പെട്ടു.[]

അമേരിക്കന്‍ നയതന്ത്ര പ്രതിനിധി മാര്‍ക്ക് ഗ്രോസ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഹിന റബ്ബാനി ഇക്കാര്യം ആവശ്യപ്പെട്ടത്. മൗലാന ഫസലുള്ള അഫ്ഗാനിസ്ഥാനിലെ കുനാല്‍ പ്രവിശ്യയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച പാക് പ്രതിരോധമന്ത്രി റഹ്മാന്‍ മാലിക് ഫസലുള്ളയെ പിടിച്ചു നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ പ്രഖ്യാപിച്ചിരുന്നു.
പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ ലോകത്തിന്റെ കണ്ണിലുണ്ണിയായ മലാലയെന്ന 14 കാരി പതിമൂന്ന്  ദിവസം മുന്‍പാണ് താലിബാന്‍ തീവ്രവാദികളുടെ വെടിയേല്‍ക്കുന്നത്.

തലയ്ക്കും കഴുത്തിനും വെടിയേറ്റ മലാല ബര്‍മിംഗ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. മലാലയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.