| Tuesday, 5th March 2019, 3:13 pm

'സമാധാനമാണ് ആഗ്രഹിക്കുന്നത്': പാക് അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ തിരിച്ചയച്ചതായി പാക്കിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലേക്ക് നുഴഞ്ഞുയറാനുള്ള ഇന്ത്യന്‍ മുങ്ങിക്കപ്പലിന്റെ ശ്രമം പരാജയപ്പെടുത്തിയതായി പാക് നാവിക സേനാ വക്താവിന്റെ അവകാശവാദം. ദ ഡോണാണ് നാവിക സേനാ വക്താവിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

” മുങ്ങിക്കപ്പലിനെ തടയാന്‍ പാക് നാവിക സേന അതിന്റെ കഴിവുകള്‍ പുറത്തെടുത്തു. പാക്കിസ്ഥാനി നാവിക പരിധിയിലേക്ക് കടക്കുന്നതില്‍ നിന്നും അതിനെ തടഞ്ഞു.” എന്നാണ് നാവികസേനാ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സമാധാനം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികളെ നാവിക സേനയും പിന്താങ്ങുന്നു. അതിനാല്‍ ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ ലക്ഷ്യമിട്ടില്ലെന്നും നാവിക സേനാ വക്താവ് വിശദീകരിച്ചു.

ഇതില്‍ നിന്നും ഇന്ത്യ പാഠംപഠിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പാക്കിസ്ഥാന്റെ നാവിക അതിര്‍ത്തി സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയും. ഏത് നുഴഞ്ഞുകയറ്റത്തേയും നേരിടാനുള്ള ശക്തി സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read:അമിത് ഷാ പറഞ്ഞ ആ കണക്ക് ശരിയല്ല: ബാലാകോട്ടില്‍ പുതിയ വിശദീകരണവുമായി വി.കെ സിങ്

2016 നവംബറിനുശേഷം ഇത് രണ്ടാംതവണയാണ് പാക് ജലാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ കണ്ടെത്തിയെന്ന് പാക്കിസ്ഥാന്‍ നേവി അവകാശപ്പെടുന്നത്.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ഇടയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വാര്‍ത്ത വന്നിരിക്കുന്നത്.

ഫെബ്രുവരി 27ന് പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരതാവളം ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ക്കുകയും പൈലറ്റിനെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമാധാനം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പൈലറ്റിനെ വിട്ടുനല്‍കുമെന്ന് പാക്കിസ്ഥാന്‍ പിന്നീട് അറിയിക്കുകയും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ വിട്ടുനല്‍കുകയുമായിരുന്നു.

We use cookies to give you the best possible experience. Learn more