ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്കുള്ളില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിക്കേണ്ടതിന്റെ നോമിനേഷന്‍ പേപ്പറുകള്‍ സമര്‍പ്പിക്കാമെന്ന് പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവ് അയാസ് സാദിഖ് വ്യക്തമാക്കി.
മൂന്ന് മണിക്കുള്ളില്‍ നോമിനേഷനുകളുടെ പരിശോധന നടത്തുമെന്നും തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാകിസ്ഥാന്‍ ദേശീയ അസംബ്ലി പുതിയ പ്രധാനമന്തിയെ തെരഞ്ഞെടുക്കാന്‍ സമ്മേളിക്കുമെന്നും സാദിഖ് അറിയിച്ചു.
നാഷണല്‍ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസര്‍ രാജിവെച്ചത് കാരണം അയാസ് സാദിഖ് ആയിരുന്നു ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്. വോട്ടിങ്ങ് തുടങ്ങി നിമിഷങ്ങള്‍ക്കകമായിരുന്നു ആസാദ് ഖൈസര്‍ രാജി പ്രഖ്യാപിച്ചത്.
അതേസമയം, പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫായിരിക്കും അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക. അവിശ്വാസ പ്രമേയം അവതരിപ്പിച്ച സമയത്ത് തന്നെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നോമിനിയായി പി.എം.എല്‍-എന്‍ നേതാവ് ഷഹബാസ് ഷെരീഫിനെ പ്രതിപക്ഷം തെരഞ്ഞെടുത്തിരുന്നു.
നാഷണല്‍ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരായി നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം വിജയിച്ചതോടെയാണ് പുതിയ പ്രധാനമന്തിയെ തെരഞ്ഞെടുക്കാനുള്ള നീക്കം നടക്കുന്നത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുകയായിരുന്നു.
ഇതോടെ പാകിസ്ഥാന്റെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍.
പാകിസ്ഥാന്‍ സമയം ശനിയാഴ്ച രാവിലെ 10:30യോട് കൂടിയായിരുന്നു അസംബ്ലി നടപടികള്‍ ആരംഭിച്ചത്. പ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഉച്ചക്ക് 12:30 വരെ അസംബ്ലി നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
പിന്നീട് ഒരു മണി കഴിഞ്ഞ് സഭ ചേര്‍ന്നെങ്കിലും റംസാന്‍ വ്രതത്തിന്റെ ഭാഗമായി ഇഫ്താര്‍ നടക്കാനുള്ളതിനാല്‍ അതിന് ശേഷം ചേരാനായി വീണ്ടും സഭ പിരിയുകയായിരുന്നു. പിന്നീട് രാത്രി വൈകിയാണ് അസംബ്ലി ചേര്‍ന്നതും അര്‍ധരാത്രി കഴിഞ്ഞ് വോട്ടെടുപ്പ് നടന്നതും.
342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
എന്നാല്‍ പ്രതിപക്ഷത്തിന് 174 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഇതോടെ പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 95 പ്രകാരം ഇമ്രാന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ല.
നേരത്തെ തങ്ങള്‍ക്ക് 172ല്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണയുണ്ട് എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.
വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹരീക് ഇ ഇന്‍സാഫിലെ അംഗങ്ങള്‍ അസംബ്ലിയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
എന്നാല്‍ അവിശ്വാസ പ്രമേയ അവതരണത്തിന് പിന്നാലെ സഖ്യകക്ഷികളില്‍ ചിലര്‍ പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ സഖ്യസര്‍ക്കാരിന് 164 പേരുടെ പിന്തുണ മാത്രമായി ചുരുങ്ങിയിരുന്നു.
നേരത്തെ ഇമ്രാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച ദേശീയ അസംബ്ലി ഡപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെയാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം സഭ പുനസ്ഥാപിക്കുകയും ശനിയാഴ്ച രാവിലെ വോട്ടെടുപ്പ് നടപടികള്‍ക്കായി സഭ ചേരുകയും ചെയ്തത്.
Content Highlight: Pakistan National Assembly will join on Monday at 11am and will elect the new prime minister