| Sunday, 3rd April 2022, 1:12 pm

പാക് അസംബ്ലിയില്‍ നാടകീയ രംഗങ്ങള്‍; ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചു; സ്പീക്കര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് നാഷണല്‍ അസംബ്ലിയില്‍ അനുമതി നിഷേധിച്ചു. സ്പീക്കര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ഇതോടെ നാടകീയ രംഗങ്ങള്‍ക്കാണ് പാകിസ്ഥാന്‍ ദേശീയ അസംബ്ലി സാക്ഷിയാകുന്നത്. ഇന്നത്തെ സഭയുടെ അജണ്ടയില്‍ നാലാമതായായിരുന്നു ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നിശ്ചയിച്ചിരുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയായിരുന്നു ഇന്ന് സഭയില്‍ സ്പീക്കറുടെ ചുമതല വഹിച്ചത്. അദ്ദേഹം അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി നിഷേധിക്കുകയും സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു.

അവിശ്വാസ പ്രമേയം കൊണ്ടുവന്ന രീതി ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ വാദം. ഇമ്രാന്‍ ഖാനും സഭയില്‍ ഹാജരായിരുന്നില്ല.

342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

ഭരണകക്ഷിയായ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിക്ക് 155 സീറ്റുകളാണുള്ളത്. 2018ല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് 179 അംഗങ്ങളുമായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.

സഖ്യകക്ഷികളില്‍ ചിലര്‍ പിന്തുണ പിന്‍വലിച്ചതോടെ നിലവില്‍ ഇമ്രാന്റെ സര്‍ക്കാരിന് 164 പേരുടെ പിന്തുണയാണുള്ളത്.

ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.

അവിശ്വാസ പ്രമേയം വിജയിച്ച് ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോകേണ്ടി വന്നാല്‍ അടുത്ത പ്രധാനമന്ത്രിയായി ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് പാകിസ്ഥാന്റെ പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫിനാണ്.

Content Highlight: Pakistan National Assembly speaker denies permission for Non confidence motion against Imran Khan

We use cookies to give you the best possible experience. Learn more