|

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാകിസ്ഥാന്‍ സ്‌ക്വാഡും പുറത്ത് വിട്ടു; ഇനി യുദ്ധം!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ് പുറത്ത് വിട്ട് പാകിസ്ഥാന്‍. 15 കളിക്കാരുടങ്ങുന്ന സ്‌ക്വാഡാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) പ്രഖ്യാപിച്ചത്. മുഹമ്മദ് റിസ്വാനെയാണ് ടീം ക്യാപ്റ്റനായി നിയമിച്ചത്. സല്‍മാന്‍ അലി ആഘയാണ് വൈസ് ക്യാപ്റ്റന്‍. സ്‌ക്വാഡില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ പി.സി.ബിക്ക് ഫെബ്രുവരി 11 വരെ സമയമുണ്ട്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടൂര്‍ണമെന്റ് പാകിസ്ഥാനിലും ദുബായിലുമായിട്ടാണ് നടക്കുന്നത്.

2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരെയും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും ലാഹോറിലും കറാച്ചിയിലും നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലും ഇതേ സ്‌ക്വാഡിനെയാണ് പാകിസ്ഥാന്‍ കളത്തിലിറക്കുന്നത്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം അവസാനമായി കളിച്ച ഏകദിന പരമ്പരയിലെ സ്‌ക്വാഡില്‍ നിന്ന് നാല് മാറ്റങ്ങള്‍ വരുത്തിയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ് പ്രഖ്യാപിച്ചത്. അബ്ദുല്ല ഷഫീഖ്, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, സയിം അയൂബ്, സുഫിയാന്‍ മൊഖിം എന്നിവര്‍ക്ക് പകരം ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖുശ്ദില്‍ ഷാ, സൗദ് ഷക്കീല്‍ എന്നിവര്‍ക്കാണ് ടീമില്‍ ഇടം നേടാന്‍ സാധിച്ചത്.

2017ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ടീമില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ സ്‌ക്വാഡിലുള്ളതും പാകിസ്ഥാന്റെ കരുത്ത് ഉയര്‍ത്തുന്നു. ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍ എന്നിവരാണ് ചാമ്പ്യന്‍സ് താരങ്ങള്‍.

2023 ഐ.സി.സി പുരുഷ ഏകദിന ലോകകപ്പിന് ശേഷം പാകിസ്ഥാന്‍ മൂന്ന് ഏകദിന പരമ്പരകള്‍ കളിച്ചു. 50 ഓവര്‍ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ 2-1നും സിംബാബ്‌വേയെ 2-1നും സൗത്ത് ആഫ്രിക്കയെ 3-0 നും പാകിസ്ഥാന്‍ പരാജയപ്പെടുത്തി.

പാകിസ്ഥാന്റെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്

ബാറ്റര്‍മാര്‍: ബാബര്‍ അസം, ഫഖര്‍ സമാന്‍, കമ്രാന്‍ ഗുലാം, സൗദ് ഷക്കീല്‍, തയ്യബ് താഹിര്‍

ഓള്‍റൗണ്ടര്‍മാര്‍: ഫഹീം അഷ്റഫ്, ഖുശ്ദില്‍ ഷാ, സല്‍മാന്‍ അലി ആഘ (വൈസ് ക്യാപ്റ്റന്‍)

വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍

സ്പിന്നര്‍: അബ്രാര്‍ അഹമ്മദ്

ഫാസ്റ്റ് ബൗളര്‍മാര്‍: ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി

Content Highlight: Pakistan name ICC Champions Trophy 2025 squad

Video Stories