Sports News
ടിപ്പിക്കല്‍ പാകിസ്ഥാന്‍, അല്ലാതെ പ്രത്യേകിച്ചൊന്നുമില്ല; ബൗളിങ്ങില്‍ തീ ഫീല്‍ഡിങ്ങില്‍ വട്ടപൂജ്യം; വീഡിയോ
പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ വീക്‌നെസ്സാണ് അവരുടെ ഫീല്‍ഡിങ് യൂണിറ്റ്. ബാറ്റിങ്ങിലും ബൗളിങ്ങിലും കത്തിക്കയറുമ്പോള്‍ ഫീല്‍ഡിങ് അവരെ നിരന്തരം പിന്നോട്ട് വിലിച്ചുകൊണ്ടേയിരിക്കുകയാണ്. ഫീല്‍ഡിങ്ങിലും പാകിസ്ഥാന്‍ തിളങ്ങുകയാണെങ്കില്‍ അവരുടെ ഷെല്‍ഫില്‍ ഇനിയും ട്രോഫികള്‍ നിറഞ്ഞേനേ.
പാകിസ്ഥാന്റെ ഫീല്‍ഡിങ്ങിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്ന ഒരു സംഭവം ഇന്ന് നടന്നിരുന്നു. അഫ്ഗാനിസ്ഥാനെതിരെ മഹീന്ദ രാജപക്‌സെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഫീല്‍ഡിങ്ങിലെ പിഴവ് മൂലം പാകിസ്ഥാന്‍ ഒരു ഗോള്‍ഡന്‍ ചാന്‍സ് നഷ്ടപ്പെടുത്തിയത്.
മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു സംഭവം. ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ യുവതാരം ഇക്രം അലിഖിലായിരുന്നു ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ നസീം ഷായെ ബൗണ്ടറിക്ക് പായിച്ചുകൊണ്ടായിരുന്നു താരം തുടങ്ങിയത്.
എന്നാല്‍ ശേഷം നസീം ഷായെറിഞ്ഞ ഫുള്ളര്‍ കവറിലൂടെ കളിച്ച് സിംഗിള്‍ നേടാന്‍ താരം ശ്രമിച്ചിരുന്നു. എന്നാല്‍ ആ സിംഗിള്‍ കംപ്ലീറ്റ് ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ മറുവശത്തുണ്ടായിരുന്ന റഹ്‌മത്തുള്ള ഗുര്‍ബാസിന് സംശയമുണ്ടായിരുന്നു.
എന്നാല്‍ ഇതിനോടകം തന്നെ ഓടിത്തുടങ്ങിയ അലിഖില്‍ ഏതാണ്ട് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിന് സമീപമെത്തിയിരുന്നു. ഗുര്‍ബാസ് ഓടാതിരിക്കുകയും ഫഖര്‍ സമാന്‍ പന്ത് കളക്ട് ചെയ്തതും കണ്ടപ്പോള്‍ വിക്കറ്റ് സംരക്ഷിക്കാന്‍ താരം തിരികെ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടി.
പന്ത് കളക്ട് ചെയ്ത ഫഖര്‍ സമാന്‍ വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞ അണ്ടര്‍ ആം ത്രോ ലക്ഷ്യത്തിലെത്തിയില്ല. വിക്കറ്റ് കീപ്പര്‍ റിസ്‌വാന്‍ പന്ത് കളക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല.
എങ്കിലും വിക്കറ്റിലേക്ക് ഡൈവ് ചെയ്ത റിസ്‌വാന്‍ സ്റ്റംപിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പന്ത് വഴുതിപ്പോവുകയും ചെയ്തിരുന്നു. വിക്കറ്റ് ലഭിച്ചതുമില്ല എന്നത് മാത്രമല്ല സംഭവത്തില്‍ റിസ്‌വാന് ചെറിയ തോതില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജീവന്‍ തിരിച്ചുകിട്ടിയിട്ടും അത് മുതലാക്കാന്‍ അഫ്ഗാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഒമ്പത് പന്തില്‍ നാല് റണ്‍സ് നേടിയ അലിഖില്‍ ഹാരിസ് റൗഫിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
അതേസമയം, മത്സരത്തില്‍ പാകിസ്ഥാന്‍ 142 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ 59 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
6.2 ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് മത്സരം പാകിസ്ഥാന് അനുകൂലമാക്കിയത്. റൗഫിന് പുറമെ ഷഹീന്‍ അഫ്രിദി രണ്ട് വിക്കറ്റും നസീം ഷാ, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഇമാം ഉള്‍ ഹഖിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് 201 റണ്‍സ് നേടിയത്.
ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും പാക് പടക്ക് സാധിച്ചു. ഓഗസ്റ്റ് 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. മഹീന്ദ രാജപക്‌സെ അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
Content Highlight: Pakistan misses a run out chance in Pakistan vs Afghanistan 1st ODI