| Saturday, 19th February 2022, 11:44 am

ഔരത് മാര്‍ച്ചില്‍ ഇസ്‌ലാം വിരുദ്ധ മുദ്രാവാക്യങ്ങള്‍ നിരോധിക്കണം; അന്താരാഷ്ട്ര വനിതാദിനം ഹിജാബ് ദിനമായി ആഘോഷിക്കണം; പാക് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഈ വരുന്ന അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നടത്താനിരിക്കുന്ന ‘ഔരത് മാര്‍ച്ചി’ല്‍ (സ്ത്രീകളുടെ മാര്‍ച്ച്) ഇസ്‌ലാമാനെതിരായ മുദ്രാവാക്യങ്ങള്‍ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പാക് മന്ത്രി.

മിനിസ്റ്റര്‍ ഫോര്‍ റിലീജിയസ് അഫയേഴ്‌സ് ആന്‍ഡ് ഇന്റര്‍ഫെയ്ത് ഹാര്‍മണി നൂറുല്‍ ഹഖ് ഖദ്രി ആണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇസ്‌ലാമിനെതിരായി മുദ്രാവാക്യം വിളിക്കാന്‍ വ്യക്തികളെയോ സംഘടനകളെയോ അനുവദിക്കരുതെന്നും വനിതാ ദിനത്തില്‍ സ്ത്രീകള്‍ മാര്‍ച്ച് നടത്തുന്നതിനിടെ ഇത് ശ്രദ്ധിക്കണമെന്നുമാണ് മന്ത്രി പറയുന്നത്.

മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ നടത്തുന്ന ഔരത് മാര്‍ച്ചിനെതിരെ പാകിസ്ഥാന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധവും ഉയരുന്നുണ്ട്.

2018 മുതലാണ് പാകിസ്ഥാനില്‍ വനിതാ ദിനത്തില്‍ ഔരത് (സ്ത്രീ) മാര്‍ച്ച് നടത്താന്‍ ആരംഭിച്ചത്. ലാഹോര്‍, ഹൈദരാബാദ്, സുക്കുര്‍, കറാച്ചി, ഇസ്‌ലാമാബാദ്, പെഷവാര്‍ എന്നീ നഗരങ്ങളിലാണ് മാര്‍ച്ച് സംഘടിപ്പിക്കാറുള്ളത്.

അതേസമയം, വനിതാ ദിനം ‘അന്താരാഷ്ട്ര ഹിജാബ് ദിന’മായി ആഘോഷിക്കണമെന്നും നൂറുല്‍ ഹഖ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മതസ്വാതന്ത്ര്യം സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് മന്ത്രി പറഞ്ഞത്.

ഇന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഹിജാബ് ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് കോളേജുകളില്‍ പ്രവേശനം നിഷേധിച്ച അധികൃതരുടെ നടപടിയോടുള്ള പ്രതിഷേധസൂചകമായി കൂടിയാണ് മന്ത്രി ഇക്കാര്യം മുന്നോട്ടുവെച്ചത്.


Content Highlight: Pakistan minister urges PM Imran Khan to ban anti-Islam slogans during Aurat March

We use cookies to give you the best possible experience. Learn more