| Tuesday, 5th March 2019, 7:51 pm

പാകിസ്ഥാനില്‍ ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രിയെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവരാണെന്ന് പ്രസംഗിച്ച തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും പഞ്ചാബ് സാംസ്‌കാരിക മന്ത്രിയുമായ ഫയാസുല്‍ ഹസന്‍ ചോഹാനെ പുറത്താക്കി. വിമര്‍ശനം ഉയരുന്നതിനിടെ ഫയാസുല്‍ രാജിവെക്കുകയായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഡോ. ഷഹബാസ് ഗില്‍ പറഞ്ഞു.

ഫയാസുല്‍ ഹസന്‍ മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാറിന് രാജി സമര്‍പ്പിക്കുകയായിരുന്നുവെന്ന് ഡോ. ഷഹബാസ് ഗില്‍ പറഞ്ഞു.

അതേസമയം ഫയാസുലിനെ പുറത്താക്കിയതാണെന്ന് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ട്വീറ്റ് ചെയ്തു. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സഹിഷ്ണുതയാണ് പാകിസ്ഥാന്റെ അടിത്തറയെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു ഫയാസുല്‍ ചോഹാന്റെ ഹിന്ദു വിരുദ്ധ പരാമര്‍ശം.

” ഞങ്ങള്‍ മുസ്ലീംകളാണ്. ഞങ്ങളുടെ കൈയില്‍ കൊടിയുണ്ട്. മൗല ആലിയയുടെ ധീരതയുടെ കൊടി, ഹസ്രത്?ഉമ്രയുടെ ശൗരത്തിന്റെ പതാക. നിങ്ങളുടെ കൈയില്‍ അത്തരം പ്രീതീകങ്ങളില്ല. മൂസ്ലീംങ്ങളേക്കാള്‍ മികച്ചവരാണ് തങ്ങളെന്നുള്ളത് വെറും മിഥ്യാബോധമാണ്. അത് ഒഴിവാക്കേണ്ടതാണ്. ഞങ്ങള്‍ക്കാവുന്നത് വിഗ്രഹാരാധകരായ നിങ്ങള്‍ക്ക് ചെയ്യാനാവില്ല” എന്നായിരുന്നു പരാമര്‍ശം.

സംഭവത്തില്‍ ഫയാസ് മാപ്പ് പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ഹിന്ദു സമുദായത്തെ ലക്ഷ്യമാക്കി നടത്തിയ പരാമര്‍ശമല്ല താന്‍ നടത്തിയതെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു. സംഭവത്തില്‍ മന്ത്രിയ്‌ക്കെതിരെ വിമര്‍ശനമുയരുകയും #SackFayyazChohan എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍മീഡിയ ക്യാമ്പെയ്ന്‍ നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയും.

We use cookies to give you the best possible experience. Learn more