ഇസ്ലാമബാദ് :വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഇറാനിലെ സായുധ സംഘങ്ങളുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിടാന്‍ കഴിഞ്ഞതായി പാകിസ്ഥാന്‍. ബലൂചിസ്ഥാനില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിനുള്ളിലാണ് പാകിസ്ഥാന്റെ പ്രത്യാക്രമണം.
വ്യാഴാഴ്ച രാവിലെ ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സായുധ സംഘങ്ങളുടെ ഒളിത്താവളങ്ങള്‍ പാകിസ്ഥാന്‍ ആക്രമിച്ചെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക നീക്കം.
മാര്‍ഗ് ബാര്‍ ശരം ചാര്‍’ (മരണം മുതല്‍ ശരംചാര്‍) എന്ന് പേരിട്ട ഓപ്പറേഷന്‍ ഒരാളുടെ കൊലപാതകത്തില്‍ അവസാനിച്ചു. എന്നാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കണക്ക് പാകിസ്ഥാന്‍ പുറത്ത് വിട്ടിട്ടില്ല.
ഇറാനില്‍ ‘ശരം ചാര്‍’ എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ വംശജരായ ഭീകരരുടെ സുരക്ഷിത താവളങ്ങളെയും സങ്കേതങ്ങളെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ പാകിസ്ഥാന്‍ ഇറാനുമായി പങ്കുവെച്ചിട്ടുണ്ട്. ഈ ഭീകരരുടെ സാന്നിധ്യത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും വ്യക്തമായ തെളിവുകളുള്ള ഒന്നിലധികം രേഖകളും പാകിസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട് ”വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
”എന്നാല്‍ ഞങ്ങളുടെ ആശങ്കകളില്‍ നടപടിയെടുക്കാതെ, തീവ്രവാദികള്‍ പാകിസ്ഥാനെ ആക്രമിക്കുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. തീവ്രവാദികളുടെ വരാനിരിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ രഹസ്യാന്വേഷണത്തിന്റെ വെളിച്ചത്തിലാണ് ഇന്ന് രാവിലെയുള്ള പാകിസ്ഥാന്റെ നടപടി. എല്ലാ ഭീഷണികളില്‍ നിന്നും ദേശീയ സുരക്ഷയെ-സംരക്ഷിക്കാനുമുള്ള പാക്കിസ്ഥാന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമാണ് ആക്രമണം എന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാരത്തെയും രാജ്യതിര്‍ത്തിയെയും പാകിസ്ഥാന്‍ പൂര്‍ണ്ണമായി മാനിക്കുന്നു. ഇന്നത്തെ നടപടിയുടെ ഏക ലക്ഷ്യം പാകിസ്ഥാന്റെ സ്വന്തം സുരക്ഷയും ദേശീയ താല്‍പ്പര്യവും മാത്രമാണ്, വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല, ”പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ആക്രമണം ഇറാന്‍ സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഇറാന്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് , ചൊവ്വാഴ്ച ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് പാകിസ്ഥാന്‍ ഇടക്കാല പ്രധാനമന്ത്രി അന്‍വര്‍-ഉല്‍-ഹഖ് കാക്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍-ബലൂചിസ്ഥാനിലെ ഇറാനിയന്‍ നഗരമായ റാസ്‌കില്‍ അടുത്തിടെ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ”പാകിസ്ഥാന്റെ മണ്ണില്‍” നടന്ന ആക്രമണമെന്ന് ബുധനാഴ്ച അമിറാബ്ദൊല്ലാഹിയന്‍ പറഞ്ഞു. പാകിസ്ഥാന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഇറാന്‍ ബഹുമാനിക്കുമ്പോള്‍, സ്വന്തം സുരക്ഷയില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
”പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ തീവ്രവാദസംഘം അഭയം പ്രാപിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഞങ്ങള്‍ പലതവണ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ പഞ്ച്ഗുര്‍ നഗരത്തിന് സമീപം സായുധ സംഘമായ ജെയ്ഷ് അല്‍-അദലിനെതിരെ ഇറാന്‍ ‘ഡ്രോണുകളും മിസൈലുകളും’ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ ആക്രമണം. ജെയ്ഷെ അല്‍-അദ്ല്‍ നേരത്തെയും ഒന്നിലധികം ആക്രമണങ്ങള്‍ നടത്തിയതായി ടെഹ്റാന്‍ ആരോപിച്ചിരുന്നു.
രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇറാന്‍ ആക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചിരുന്നു. ഇതിനെ ‘അസ്വീകാര്യമായത്’ എന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്.’നിയമവിരുദ്ധമായ പ്രവൃത്തി’യോട് പ്രതികരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും പറഞ്ഞു.
ഇറാന്‍ ആക്രമണത്തില്‍ അതൃപ്തി പ്രകടിപ്പിക്കാന്‍ പാകിസ്ഥാന്‍ നേരത്തെ ടെഹ്റാനില്‍ നിന്നുള്ള തങ്ങളുടെ അംബാസിഡറെ
തിരിച്ചുവിളിച്ചിരുന്നു. പാകിസ്ഥാന്‍ ഇറാന്റെ അംബാസഡറോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlight : Pakistan launches Military strikes on Iran