| Saturday, 2nd September 2023, 10:04 pm

ഇന്ത്യ-പാക് 20 ഓവര്‍ മത്സരം കാണാന്‍ സാധിക്കുമോ? സാധ്യത ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാക് ഏഷ്യാ കപ്പ് മത്സരം മഴ കാരണം മുടങ്ങിയിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിക്കുന്നതിന് മുമ്പാണ് രസം കൊല്ലിയായി മഴ എത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 നേടി എല്ലാവരും പുറത്തായിരുന്നു.

നിലവില്‍ മഴ കാരണം ഓവറുകള്‍ ചുരുക്കിയായിരിക്കും മത്സരം നടക്കുക. 10.27ന് മത്സരം ആരംഭിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ ബാറ്റിങ് 20 ഓവറായി ചുരുക്കുമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്.

20 ഓവറായി ചുരുക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ 155 റണ്‍സ് നേടിയാല്‍ വിജയിക്കാം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രാകരമാണ് മത്സരം പുനാരംരഭിക്കുക. 30 ഓവര്‍ മത്സരമാണ് നടക്കുന്നതെങ്കില്‍ പാകിസ്ഥാന്റെ വിജയലക്ഷ്യം 203 റണ്‍സായിരിക്കും. മത്സരം നടക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍. ഗ്രൗണ്ടിലെ തിങ്ങിനിറഞ്ഞ കാണികള്‍ ഇതിന് ഉദാഹരണമാണ്. നേരത്തെ ഇന്ത്യന്‍ ബാറ്റിങ്ങിനിടയിലും മഴയെത്തിയിരുന്നു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഇന്ത്യന്‍ ഓപ്പണ്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തുടക്കത്തില്‍ തന്നെ പതറിയിരുന്നു. പാകിസ്ഥാന്‍ പേസ് ത്രയോ ആയ ഷഹീന്‍ അഫ്രിദി ഹാരിസ് റൗഫ് നസീം ഷാ എന്നിവരുടെ മുമ്പില്‍ ഇരുവരും വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

രോഹിത്തിനെ ബൗള്‍ഡാക്കി മടക്കിയ ഷഹീന്‍ പിന്നാലെ വന്ന വിരാടിനെയും അതേ നാണയത്തില്‍ പുറത്താക്കുകയായിരുന്നു. രോഹിത് 22 പന്ത് നേരിട്ട് 11 റണ്‍സ് നേടിയപ്പോള്‍ വിരാട് ഏഴ് പന്തില്‍ നാല് റണ്‍സ് നേടി പുറത്തായി.

എന്നാല്‍ പാകിസ്ഥാന്‍ ബൗളിങ്ങിനെതിരെ ശരിക്കും വയിര്‍ത്തത് ശുഭ്മന്‍ ഗില്ലായിരുന്നു. ഐ.പി.എല്ലിലും മറ്റ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഗില്‍ പാകിസ്ഥാനെതിരെ അക്ഷാര്‍ത്ഥത്തില്‍ വിറക്കുകയായിരുന്നു. 32 പന്ത് നേരിട്ട് വെറും 10 റണ്‍സ് മാത്രമാണ് താരം നേടിയത്.

തുടക്കത്തിലെ അടിതെറ്റിയ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും വൈസ് ക്യപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുമാണ്. 81 പന്ത് നേരിട്ട് കിഷന്‍ 82 റണ്‍സ് നേടിയപ്പോള്‍ 90 പന്തില്‍ 87 റണ്‍സാണ് ഹര്‍ദിക് സ്വന്തമാക്കിയത്. 66-4 എന്ന നിലയില്‍ ഇന്ത്യ ഇഴയുമ്പോഴായിരുന്നു ഇരുവരും ക്രീസില്‍ ഒന്നിക്കുന്നത്.

138 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ മറ്റ് താരങ്ങള്‍ക്ക് മൊമെന്റം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ഇന്ത്യ ഓള്‍ഔട്ടാകുകയായിരുന്നു.

Content Highlight: Pakistan Might Bat 20 overs game if Rain Continues

We use cookies to give you the best possible experience. Learn more