ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു സൗത്ത് ആഫ്രിക്കയെ തോല്‍പിച്ചുകൊണ്ട് നെതര്‍ലന്‍ഡ്‌സ് നടത്തിയത്. പ്രോട്ടീസിനെ തോല്‍പിച്ചത് നെതര്‍ലന്‍ഡ്‌സാണെങ്കിലും അതിന്റെ മുഴുവന്‍ നേട്ടവും ലഭിച്ചത് പാകിസ്ഥാനായിരുന്നു.
ലോകകപ്പില്‍ നിന്നും പുറത്തായി എന്ന തോന്നിച്ചിടത്ത് നിന്നുമാണ് പാകിസ്ഥാന്‍ തിരിച്ചുവന്നത്. ബംഗ്ലാദേശിനെ തോല്‍പിച്ച് പാകിസ്ഥാന്‍ സെമിയിലെത്തി. ഗ്രൂപ്പ് ടുവിലെ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്.
സെമി ഫൈനല്‍ മത്സരത്തില്‍ ഗ്രൂപ്പ് വണ്ണിലെ ഒന്നാം സ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെയാണ് പാകിസ്ഥാന് നേരിടാനുള്ളത്.
എന്നാല്‍ വരും മത്സരങ്ങളില്‍ പാകിസ്ഥാന്‍ മികച്ച ഫോമിലായിരിക്കുമെന്നും ഏത് ടീമിനെയും തറപറ്റിക്കാന്‍ തന്നെയാണ് പാകിസ്ഥാന്‍ വരുന്നതെന്നുമായിരുന്നു ടീം മെന്ററും ഇതിഹാസ താരവുമായ മാത്യു ഹെയ്ഡന്‍ പറഞ്ഞത്.
ഇതുവരെ കണ്ട പാകിസ്ഥാനെയായിരിക്കില്ല സെമിയിലും ഫൈനലിലും എതിരാളികള്‍ കാണുകയെന്നും തങ്ങള്‍ കൂടുതല്‍ അപകടകാരികളായിരിക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു.
ബംഗ്ലാദേശിനെ തോല്‍പിച്ചതിന് പിന്നാലെ പി.സി.ബി പങ്കുവെച്ച വീഡിയോയിലാണ് ഹെയ്ഡന്‍ ഇക്കാര്യം പറയുന്നത്.
‘നമ്മളെ എല്ലാവരും എഴുതി തള്ളിയിരുന്നു. എന്നാല്‍ ജയിക്കണമെന്ന് അതിയായി ആഗ്രഹിച്ച നിമിഷം മുതല്‍ പാകിസ്ഥാന്‍ ശരിക്കുമുള്ള കരുത്ത് പുറത്തെടുക്കാന്‍ തുടങ്ങി. മറ്റുള്ള ടീമുകള്‍ക്കിപ്പോള്‍ നമ്മള്‍ ശരിക്കുമൊരു ഭീഷണിയായിരിക്കുകയാണ്.
ഈ നിമിഷം ലോകത്തിലെ ഒരാള്‍ പോലും നമ്മളെ നേരിടണമെന്ന് ആഗ്രഹിക്കുന്നുപോലും ഉണ്ടാവില്ല. അവര്‍ നമ്മളെ പുറത്താക്കിയെന്ന് കരുതി. എന്നാല്‍ ആരും നമ്മളെ പുറത്താക്കാന്‍ പോവുന്നില്ല,’ ഹെയ്ഡന്‍ പറഞ്ഞു.
പാകിസ്ഥാന്‍ സെമിയിലെത്തുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ലെന്നും ആ എലമെന്റ് ഓഫ് സര്‍പ്രൈസ് തങ്ങള്‍ക്ക് അഡ്വാന്റേജാവുമെന്നും ഹെയ്ഡന്‍ പറയുന്നു.
‘നമ്മള്‍ ഇവിടെയെത്തിയിരിക്കുകയാണ്. ഒരാള്‍ പോലും നമ്മള്‍ ഇവിടെയെത്തണമെന്ന് ആഗ്രഹിച്ചിരിക്കില്ല. അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് നമ്മളിവിടെ എത്തിയിരിക്കുന്നത്. ആ അഡ്വാന്റേജ് നോക്ക് ഔട്ട് റൗണ്ടില്‍ നമ്മള്‍ക്കുണ്ട്,’ ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ ഒമ്പതിനാണ് ന്യൂസിലാന്‍ഡ് – പാകിസ്ഥാന്‍ ഒന്നാം സെമി ഫൈനല്‍ മത്സരം നടക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content Highlight: Pakistan Mentor Mathew Hayden warns teams ahead of semi-finals