ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലൈവ് പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചു. രാജ്യത്തെ എല്ലാ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളിലും ഇമ്രാന്‍ ഖാന്റെ ലൈവ് പ്രസംഗങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.
പാകിസ്ഥാനിലെ മീഡിയ വാച്ച്‌ഡോഗായ പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് (The Pakistan Electronic Media Regulatory Authority- PEMRA) നിരോധനമേര്‍പ്പെടുത്തിയത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടുള്ള പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് നടപടി.
കഴിഞ്ഞ ദിവസം ഒരു പൊതു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വനിതാ മജിസ്‌ട്രേറ്റിനെതിരെയും പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഷ്ട്രീയത്തിലെ എതിര്‍കക്ഷികള്‍ക്കെതിരെയും കേസ് കൊടുക്കുമെന്ന് ഇമ്രാന്‍ ഭീഷണിപ്പെടുത്തിയത്.
ഇതേത്തുടര്‍ന്നാണ് പി.ഇ.എം.ആര്‍.എയുടെ നിരോധനനീക്കം.
ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) നേതാവ് ഷെഹ്ബാസ് ഗില്ലിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും രാജ്യത്തെ സ്ഥാപനങ്ങള്‍ക്കെതിരായ പ്രതികരണങ്ങളുടെ സംപ്രേക്ഷണം തടയുന്നതിനായി ടൈം- ഡിലേ മെക്കാനിസം നടപ്പിലാക്കുന്നതില്‍ രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ പരാജയപ്പെട്ടു,’ പി.ഇ.എം.ആര്‍.എ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
”പി.ടി.ഐ ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ തന്റെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പ്രകോപനപരമായതും അടിസ്ഥാനരഹിതമായതുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയുമാണ്. ഇദ്ദേഹം തുടര്‍ച്ചയായി സര്‍ക്കാര്‍ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത് ക്രമസമാധാന പരിപാലനത്തിനും പൊതു സമാധാനത്തിനും ഭംഗം വരുത്താന്‍ സാധ്യതയുണ്ട്,” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 19ന്റെ ലംഘനമാണ് ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങളെന്നും ഇത് ലൈവായി സംപ്രേക്ഷണം ചെയ്യുന്നത് മാധ്യമങ്ങളുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും പി.ഇ.എം.ആര്‍.എ പറയുന്നു.
കൃത്യമായ നിരീക്ഷണവും എഡിറ്റോറിയല്‍ നിയന്ത്രണവും ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഇമ്രാന്‍ ഖാന്റെ റെക്കോര്‍ഡ് ചെയ്ത പ്രസംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കൂ എന്നും റെഗുലേറ്റര്‍ ബോഡി വ്യക്തമാക്കി.
Content Highlight: Pakistan media watchdog imposes ban on broadcasting Imran Khan’s live speeches