ഇന്നലേം തോറ്റു, ഇന്നും തോറ്റു; പാകിസ്ഥാന്റെ തലവിധി ഒഴിയുന്നില്ല
Sports News
ഇന്നലേം തോറ്റു, ഇന്നും തോറ്റു; പാകിസ്ഥാന്റെ തലവിധി ഒഴിയുന്നില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th October 2023, 12:22 pm

 

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ വെങ്കല മെഡല്‍ മാച്ചില്‍ പാകിസ്ഥാന് തോല്‍വി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്‌റ്റേണ്‍ നിയമപ്രകാരമാണ് ബംഗ്ലാദേശ് വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സായിരുന്നു നേടിയത്. 18 പന്തില്‍ പുറത്താകാതെ 32 റണ്‍സ് നേടിയ മിര്‍സ താഹിര്‍ ബായ്ഗ് ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. കുഷ്ദില്‍ ഷാ പത്ത് പന്തില്‍ 14 റണ്‍സും നേടി പുറത്തായി.

മഴ നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ ബംഗ്ലാദേശിന് അഞ്ച് ഓവറില്‍ 65 റണ്‍സ് നേടിയാല്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിക്കുക. എന്നാല്‍ അവസാന പന്തില്‍ ബംഗ്ലാദേശ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ബംഗ്ലാദേശിനായി കളത്തിലിറങ്ങിയ ഓപ്പണര്‍ സാകിര്‍ ഹസന്‍ സില്‍വര്‍ ഡക്കായും വണ്‍ ഡൗണായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ സെയ്ഫ് ഹസന്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങിയപ്പോള്‍ പാകിസ്ഥാന്‍ മെഡല്‍ ഉറപ്പിച്ച മട്ടായിരുന്നു. എന്നാല്‍ ആഫിഫ് ഹൊസൈനും യാസിര്‍ അലിയും ബംഗ്ലാ കടുവകളുടെ രക്ഷകരായി.

യാസിര്‍ അലി 16 പന്തില്‍ 34 റണ്‍സ് നേടിയപ്പോള്‍ ആഫിഫ് ഹൊസൈന്‍ 11 പന്തില്‍ 20 റണ്‍സും നേടി. എക്‌സ്ട്രാ ഇനത്തില്‍ നേടിയ ഏഴ് റണ്‍സും ബംഗ്ലാദേശിന് തുണയായി.

ഇതിന് പുറമെ കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനല്‍ പോരാട്ടത്തിലും പാകിസ്ഥാന് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. അഫ്ഗാനിസ്ഥാനോടായിരുന്നു പാകിസ്ഥാന്റെ പരാജയം. നാല് വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്.

18 ഓവറില്‍ 115 റണ്‍സിന് മെന്‍ ഇന്‍ ഗ്രീന്‍ ഓള്‍ ഔട്ടാവുകയായിരുന്നു. 19 പന്തില്‍ 24 റണ്‍സ് നേടിയ ഒമൈര്‍ യൂസുഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

അഫ്ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഖായിസ് അഹമ്മദ്, സഹീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. കരീം ജന്നത്, ഗുലാബ്ദീന്‍ നയീബ് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നൂര്‍ അലിയുടെയും ക്യാപ്റ്റന്‍ ഗുലാബ്ദീന്‍ നയീബിന്റെയും കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

 

Content Highlight: Pakistan lost in bronze medal match in Asian Games