ഏകദിന ഫോര്‍മാറ്റിന്റെ വശ്യതയൊന്നാകെ ആവര്‍ത്തിച്ച പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക പോരാട്ടത്തില്‍ പാകിസ്ഥാന് പരാജയപ്പെടേണ്ടി വന്നിരുന്നു. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒറ്റ വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ പരാജയം.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം സൗത്ത് ആഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. 49ാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് കേശവ് മഹാരാജാണ് പ്രോട്ടീസിന് വിജയം സമ്മാനിച്ചത്.
ഈ പരാജയത്തിന് പിന്നാലെ ഒരു മോശം റെക്കോഡാണ് ബാബറിനും സംഘത്തിനും നേരിടേണ്ടി വന്നിരിക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പാകിസ്ഥാന്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്.
ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരാണ് ഈ ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.
ഈ തോല്‍വിക്ക് പിന്നാലെ ആറാം സ്ഥാനത്ത് തന്നെ തുടരാന്‍ പാകിസ്ഥാന് സാധിച്ചിട്ടുണ്ടെങ്കിലും സെമിയിലെത്താനുള്ള സാധ്യത 21 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും സൗദ് ഷക്കീലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് നടന്നുകയറിയത്.
സൗദ് ഷക്കീല്‍ 52 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ 65 പന്തില്‍ നിന്നും 50 റണ്‍സ് നേടിയാണ് പുറത്തായത്. ഇവര്‍ക്ക് പുറമെ 36 പന്തില്‍ 43 റണ്‍സ് നേടിയ ഷദാബ് ഖാനും 27 പന്തില്‍ 31 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
സൗത്ത് ആഫ്രിക്കക്കായി തബ്രിയാസ് ഷംസി നാല് വിക്കറ്റ് വീഴ്ത്തി. ഷംസിക്ക് പുറമെ മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെറാള്‍ഡ് കോട്സി രണ്ട് വിക്കറ്റും നേടി. ലുന്‍ഗി എന്‍ഗിഡിയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഏയ്ഡന്‍ മര്‍ക്രമിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിലാണ് വിജയത്തിലെത്തിയത്. 93 പന്തില്‍ നിന്നും 91 റണ്‍സാണ് മര്‍ക്രം നേടിയത്. ഡേവിഡ് മില്ലര്‍ (29), തെംബ ബാവുമ (28) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റേഴ്‌സ്.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും സൗത്ത് ആഫ്രിക്കക്കായി. ആറ് മത്സരത്തില്‍ നിന്നും 10 പോയിന്റാണ് സൗത്ത് ആഫ്രിക്കക്കുള്ളത്. ഇന്ത്യക്കും പത്ത് പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റാണ് സൗത്ത് ആഫ്രിക്കയെ ഒന്നാമതെത്തിച്ചത്.
നവംബര്‍ ഒന്നിനാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content highlight: Pakistan lost four consecutive World Cup matches for the first time