കറാച്ചി: പാകിസ്ഥാനിൽ മൂന്ന് എം പോക്സ് വൈറസ് കേസുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. കോംഗോയിലും അയൽരാജ്യങ്ങളിലും എം പോക്സ് വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പാകിസ്ഥാനിലും രോഗം സ്ഥിരീകരിച്ചത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്ന് എത്തിയ രോഗികളിലാണ് വൈറൽ അണുബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഏഷ്യയിൽ ആദ്യമായി എം.പോക്സ് വൈറസ് കണ്ടെത്തിയിരിക്കുകയാണ്.
രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ രോഗവിവരം എയർപോർട്ടിൽ നിന്ന് തന്നെ അറിയുകയായിരുന്നെന്നും മറ്റൊരാളുടെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അയാൾ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു. ഇയാളുടെ രക്ത സാമ്പിളുകൾ ഇസ്‌ലാമാബാദിലെ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും വൈറസിൻ്റെ ഉത്ഭവം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ഏറ്റവും ഒടുവിൽ വൈറസ് കണ്ടെത്തിയ രോഗി ഖൈബർ പഖ്തൂൺഖ്വയിലെ മർദാൻ ജില്ലയിൽ നിന്നുള്ളയാളാണെന്ന് ഫെഡറൽ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരെയെല്ലാം ഉടൻ തന്നെ ക്വാറന്റൈനിലേക്ക് മാറ്റുമെന്നും കൂടുതൽ സുരക്ഷാ ഉറപ്പ് വരുത്തുമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഫെഡറൽ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ആരോഗ്യ കോർഡിനേറ്റർ ഡോ. മുക്താർ അഹമ്മദ് ഭാരത് പറഞ്ഞു.
‘വിമാനത്താവളങ്ങളിലും എൻട്രി പോയിൻ്റുകളിലും സ്ക്രീനിങ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഫെഡറൽ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ നാം ജാഗ്രത പുലർത്തണം,’ അദ്ദേഹം പറഞ്ഞു.
അടുത്തിടെ പൊട്ടിപ്പുറപ്പെട്ട മങ്കി പോക്സിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്നാണ് അന്താരാഷ്ട്ര ആരോഗ്യ മേഖലയിൽ ആശങ്ക ഉയർന്നത്.
പാകിസ്ഥാനിൽ ഇതിന് മുമ്പും എംപോക്സ് കേസുകൾ ഉണ്ടായിരുന്നു. എന്നാൽ രോഗികളിൽ ഏത് വകഭേദമാണ് കണ്ടെത്തിയതെന്ന് നിലവിൽ വ്യക്തമല്ലെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കോംഗോയിൽ നിന്നും അയൽ രാജ്യങ്ങളിൽ നിന്നും എം പോക്സ് കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2022 മുതൽ 116 രാജ്യങ്ങളിൽ നിന്നായി 99,176 കേസുകളും എം പോക്സ് മൂലമുള്ള 208 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുമ്പ് മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എം പോക്സ് ഒരു വൈറൽ അണുബാധയാണ്. പനി, തലവേദന, പേശിവേദന, നടുവേദന, ലിംഫ് നോഡുകൾ വീർക്കുക എന്നിവയും രണ്ടോ മൂന്നോ ആഴ്‌ച വരെ നീണ്ടുനിൽക്കുന്ന പോക്‌സ് പോലുള്ള തിണർപ്പുകളുമാണ് എം പോക്‌സിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. കുട്ടികളിലും പ്രതിരോധശേഷി കുറവുള്ളവരിലും ഇത് മരണകരണമായേക്കാം.
Content Highlight: Pakistan logs 3 cases of Mpox virus, days after WHO declares it a ‘global health emergency