| Tuesday, 17th October 2023, 9:49 pm

ബ്രേക്കിങ്: ഇന്ത്യന്‍ ആരാധകരുടെ മോശം പെരുമാറ്റമടക്കം മൂന്ന് പരാതി; ഐ.സി.സിക്ക് മുമ്പില്‍ പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് മുമ്പില്‍ മൂന്ന് പരാതികള്‍ സമര്‍പ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). ഗുജറാത്ത് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനിടയിലെ ഇന്ത്യന്‍ ആരാധകരുടെ മോശം പെരുമാറ്റമടക്കം ചൂണ്ടിക്കാട്ടി മൂന്ന് പരാതികളാണ് പി.സി.ബി ഐ.സി.സിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

വിസ അനുവദിക്കുന്നതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആദ്യ രണ്ട് പരാതികളും. സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളുടെ വിസ വൈകിയതിനെ സംബന്ധിച്ചാണ് ആദ്യ പരാതി. പാക് ആരാധകരുടെ വിസ പോളിസിയെ സംബന്ധിച്ചുള്ളതാണ് ഇതിലെ രണ്ടാമത്തേത്.

ഒക്ടോബര്‍ 14ന് നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനിടെ ഇന്ത്യന്‍ ആരാധകരുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ളതാണ് മൂന്നാമത് പരാതി.

മത്സരത്തില്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ ഔട്ടായി തിരികെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ ജയ് ശ്രീറാമെന്ന് ആരാധകര്‍ ആക്രോശിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശേഷം ഈ ഇന്നിങ്‌സ് ഗസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു എന്ന റിസ്വാന്റെ കമന്റിന് പിന്നാലെയാണ് ഗുജറാത്ത് ക്രൗഡിന്റെ നടപടിയെന്നതും ശ്രദ്ധേയമണ്.

റിസ്വാന്റെ ഫലസ്തീന്‍ അനുകൂല നിലപാടുകളടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നതും.

അതേസമയം, ഈ സംഭവത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

ഇതിന് പുറമെ ടോസിന് ശേഷം പാക് നായകന്‍ ബാബര്‍ അസം രവി ശാസ്ത്രിയോട് സംസാരിക്കവെ ക്രൗഡ് ഒന്നാകെ കൂവി വിളിക്കുകയും ചെയ്തിരുന്നു.

പാക് താരങ്ങള്‍ക്ക് ഇന്ത്യയിലെത്താനുള്ള വിസ വൈകിയതടക്കമുള്ള പ്രശ്‌നങ്ങള്‍ നേരത്തെ ചര്‍ച്ചയായിരുന്നു.

Content highlight: Pakistan lodge three complaints with ICC

We use cookies to give you the best possible experience. Learn more