എല്ലാം നേടി, വിരാടിന് ഇനിയെല്ലാം ബാക്കിയുള്ളത് പാകിസ്ഥാനില്‍; വമ്പന്‍ പ്രസ്താവനയുമായി പാക് ഇതിഹാസം
Sports News
എല്ലാം നേടി, വിരാടിന് ഇനിയെല്ലാം ബാക്കിയുള്ളത് പാകിസ്ഥാനില്‍; വമ്പന്‍ പ്രസ്താവനയുമായി പാക് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 2:47 pm

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പേരുകളിലൊന്നാണ് ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയുടേത്.. ക്രിക്കറ്റില്‍ റണ്ണടിച്ചുകൂട്ടിയും റെക്കോഡുകള്‍ തകര്‍ത്തും വിരാട് തന്റെ ജൈത്രയാത്ര തുടരുകയാണ്.

ടെസ്റ്റ്-ഏകദിനം-ടി-20 എന്നിങ്ങനെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തന്റെ പ്രതിഭ വ്യക്തമാക്കിയ താരം എല്ലാ ഫോര്‍മാറ്റിലും എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകളും നേടിയിട്ടുണ്ട്.

ഇപ്പോള്‍ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക് നായകനും ഇതിഹാസ താരവുമായ യൂനിസ് ഖാന്‍. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് കളിക്കുന്നതിനായി വിരാട് കോഹ്‌ലിയും ഇന്ത്യയും പാകിസ്ഥാനിലെത്തണമെന്നും അദ്ദേഹം ഇവിടെ സെഞ്ച്വറി നേടണമെന്നുമാണ് യൂനിസ് ഖാന്‍ പറഞ്ഞത്. ന്യൂസ് 24 സ്‌പോര്‍ട്‌സിനോടായിരുന്നു മുന്‍ പാക് നായകന്റെ പ്രതകരണം.

‘2025 ചാമ്പ്യന്‍സ് ട്രോഫി കളിക്കാനായി വിരാട് കോഹ്‌ലി പാകിസ്ഥാനിലെത്തണം. പാകിസ്ഥാന്‍ മണ്ണില്‍ റണ്ണുകളും സെഞ്ച്വറികളും നേടുക എന്നത് മാത്രമാണ് വിരാട് കോഹ്‌ലിയുടെ കരിയറില്‍ ഇനി ബാക്കിയുള്ളത്,’ യൂനിസ് ഖാന്‍ പറഞ്ഞു.

 

അതേസമയം, ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പാകിസ്ഥാനിലെത്തില്ല എന്ന നിലപാടില്‍ തന്നെ ബി.സി.സി.ഐ ഉറച്ചുനില്‍ക്കുകയാണ്. ഏഷ്യാ കപ്പ് പോലെ ഹൈബ്രിഡ് മാതൃകയില്‍ ടൂര്‍ണമെന്റ് നടത്താനാണ് അപെക്‌സ് ബോര്‍ഡ് ഐ.സി.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയോ ദുബായ്‌യോ പോലുള്ള ന്യൂട്രല്‍ വേദികളില്‍ നടത്തണമെന്നാണ് ബി.സി.സി.ഐയുടെ ആവശ്യം.

പാകിസ്ഥാനിലെത്തി ടൂര്‍ണമെന്റ് കളിക്കില്ല എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന നിര്‍ദേശവും പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവെച്ചിരുന്നു. സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനോടും ബി.സി.സി.ഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.

ഷാഹിദ് അഫ്രിദിയടക്കമുള്ള മുന്‍ പാക് താരങ്ങള്‍ ഇന്ത്യ പാകിസ്ഥാനിലെത്തി മത്സരം കളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2025 അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ടൂര്‍ണമെന്റിന്റെ മത്സരക്രമം നേരത്തെ തന്നെ പി.സി.ബി ഐ.സി.സിക്ക് കൈമാറിയിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

രാഷ്ട്രീയ-നയതന്ത്ര കാരണങ്ങളാല്‍ 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിട്ടില്ല.

ടൂര്‍ണമെന്റിന്റെ ആതിഥേയരും 2023 ലോകകപ്പ് പോയിന്റ് ടേബിളിലെ ആദ്യ ഏഴ് സ്ഥാനക്കാരുമാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിന് യോഗ്യത നേടുക.

ഗ്രൂപ്പ് എ: ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ (ആതിഥേയര്‍).

ഗ്രൂപ്പ് ബി: അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക.

 

മാര്‍ച്ച് അഞ്ചിനും ആറിനുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ആദ്യ സെമി ഫൈനല്‍ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലും രണ്ടാം സെമി ഫൈനല്‍ റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Pakistan Legend Yunis Khan about Virat Kohli