ടി-20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് സെമി സാധ്യത ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അവസാന പന്തുവരെ ആവേശം അലതല്ലിയ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിനായിരുന്നു തോല്‍പിച്ചത്.
ഒക്ടോബര്‍ 30നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
എന്നാല്‍ ഇന്ത്യന്‍ നിര അത്രകണ്ട് ശക്തമല്ല എന്ന അഭിപ്രായമാണ് പാക് ഇതിഹാസം ഷോയിബ് അക്തറിനുള്ളത്.
പാകിസ്ഥാന്‍ ഈ ആഴ്ചയില്‍ തന്നെ മടങ്ങേണ്ടി വരുമെന്നും ഇന്ത്യ സെമി ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെടുമെന്നും തോല്‍വിയോടെ അടുത്ത ആഴ്ച തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് അക്തര്‍ പറയുന്നത്.
സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്റെ തോല്‍വി വിശകലനം ചെയ്യുന്നതിനിടെയാണ് അക്തര്‍ ലോകകപ്പില്‍ ഇന്ത്യയുടെ ഭാവിയെ കുറിച്ച് പറയുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.
‘മേനേ പഹലാ ഭി കഹാ ഹേ കി പാകിസ്ഥാന്‍ ഇസ് ഹഫ്താ പാകിസ്ഥാന്‍ വാപസ് ആ ജായേംഗി, ഔര്‍ അഗലാ ഹഫ്താ ഇന്ത്യ ഭി വാപസ് ആ ജായേംഗി സെമി ഫൈനല്‍ ഖേല്‍ കേ. വോ ഭി കോയി ഉത്‌നേ തേസ് മാര്‍ ഖാന്‍ നഹി ഹേ (ഞാന്‍ നേരത്തെ പറഞ്ഞിരുന്നതാണ് പാകിസ്ഥാന്‍ ഈ ആഴ്ച തന്നെ തിരിച്ചുവരും. സെമി ഫൈനല്‍ മത്സരം കളിച്ച ശേഷം ഇന്ത്യ അടുത്ത ആഴ്ച തന്നെ നാട്ടിലേക്ക് മടങ്ങും. അവരും അത്ര മികച്ച ടീം ഒന്നുമല്ല),’ അക്തര്‍ പറഞ്ഞു.
ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസം മുതല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വരെ അക്തര്‍ നിശിതമായി വിമര്‍ശിച്ചു. മോശം താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ഷന്‍ കമ്മിറ്റിയുടെ നടപടിയെയും അക്തര്‍ ചോദ്യം ചെയ്തു.
‘നിങ്ങളുടെ എല്ലാവരുടെയും പ്രകടനം കേവലം ശരാശരി മാത്രമാണ്. ആഘോഷിക്കൂ. ഇനിയും അര്‍ഹതയില്ലാത്ത താരങ്ങളെ തന്നെ ടീമിനായി തെരഞ്ഞെടുക്കൂ, നല്ല രീതിയില്‍ കളിക്കുന്നവരെയെല്ലാം പുറത്തുനിര്‍ത്തൂ.
ഞാന്‍ എന്നെ കുറിച്ചല്ല പറയുന്നത്. ഇതുകാരണം നമ്മുടെ രാജ്യം തന്നെ അനുഭവിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു. അച്ചടക്കമുള്ള, കാര്യങ്ങളെ കുറിച്ച് ധാരണയുള്ള, വേഷം കെട്ടാന്‍ അറിയാത്ത ആളുകളെയൊന്നും തന്നെ കൊണ്ടുവരരുത്. നിങ്ങള്‍, നിങ്ങള്‍ എല്ലാം നശിപ്പിച്ചു,’ അക്തര്‍ പറയുന്നു.
രണ്ട് മത്സരങ്ങള്‍ കളിച്ച് രണ്ടിലും തോറ്റ പാകിസ്ഥാന്‍ ഗ്രൂപ്പ് 2ല്‍ അഞ്ചാം സ്ഥാനത്താണ്. നെതര്‍ലന്‍ഡ്‌സ് മാത്രമാണ് പാക് പടക്ക് കീഴെയുള്ളത്.
സിംബാബ്‌വേക്കെതിരായ മത്സരത്തിലും തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ ഭാവിയും തുലാസിലാണ്. അതേസമയം, കളിച്ച രണ്ട് മത്സരവും ജയിച്ച ഇന്ത്യ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്താണ്.