കങ്കണാ റണാവത്ത്, ഇമ്രാന്‍ ഹാഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രമായി 2006ല്‍ പുറത്തിറങ്ങിയ ഗാങ്സ്റ്റര്‍: എ ലവ് സ്റ്റോറി എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ മഹേഷ് ഭട്ട് തന്നെ സമീപിച്ചിരുന്നുവെന്ന് പാക് ലെജന്‍ഡ് ഷോയിബ് അക്തര്‍.
ട്രിബ്യൂണ്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്തര്‍ ഇക്കാര്യം പറഞ്ഞത്.
‘ഗാങ്സ്റ്റര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ എനിക്ക് ലീഡ് റോള്‍ വാഗ്ദാനം ചെയ്തിരുന്നു,’ അക്തര്‍ പറഞ്ഞു.
ഗാങ്സ്റ്റര്‍: എ ലവ് സ്റ്റോറി എന്ന ചിത്രം തിയേറ്ററുകളില്‍ വിജയം നേടിയിരുന്നു. കങ്കണക്കും ഇമ്രാന്‍ ഹാഷ്മിക്കും പുറമെ ഷിനെയ് അഹുജ, ഗുല്‍ഷന്‍ ഗ്രോവെര്‍, ഹിതാംശു ലോധിയ, ജീത്പാല്‍, വിക്കി അഹുജ, സച്ചിന്‍ ഖേഡേക്കര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയെ പോലെ അതിലെ പാട്ടുകളും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രീതമായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്.
അതേസമയം, ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം അക്തര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ താരങ്ങളെയും ക്രിക്കറ്റ് മത്സരങ്ങളെയും വിലയിരുത്തി അദ്ദേഹം എത്താറുണ്ട്.
കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം തന്റെ ബയോ പിക്കായ ‘ റാവല്‍പിണ്ടി എക്‌സ്പ്രസ്: റേസിങ് എഗെയ്ന്‍സ്റ്റ് ദി ഓഡ്‌സ് (Rawalpindi Express: Racing Against the Odds)’ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രൊഡക്ഷന്‍ ടീമുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
ഇതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല.
Content Highlight: Pakistan Legend Shoaib Akhtar Reveals He Was Offered Lead Role In A Bollywood Movie