ന്യൂദല്‍ഹി: കര്‍ത്താപൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിന് മുന്നില്‍ ശിരോവസ്ത്രമണിയാതെ മോഡല്‍ ഫോട്ടോയെടുത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാക്കിസ്ഥാന്‍. ‘ മന്നത്ത്’ എന്ന വസ്ത്രവ്യാപാരകേന്ദ്രത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന ഫോട്ടോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
പാക്കിസ്ഥാനിലെ കര്‍ത്താപൂര്‍ ഗുരുദ്വാര സിഖ് മതവിശ്വസികളുടെ പുണ്യസ്ഥലമായാണ് പരിഗണിക്കപ്പെടുന്നത്. ഇവിടെ എത്തുന്ന എല്ലാ സന്ദര്‍ശകരും തല മൂടി വേണം അകത്തേക്ക് പ്രവേശിക്കാന്‍.
പ്രതിഷേധം ഉയര്‍ന്നതോടെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ ഫോട്ടോഷൂട്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും സംഭവത്തിന് പിന്നിലെ ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
‘പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദാര്‍ കര്‍ത്താപൂര്‍ ഗുരുദ്വാരയിലെ സംഭവത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഈ സംഭവത്തില്‍ അന്വേഷണം നടത്തും. എല്ലാ മതങ്ങളും പാക്കിസ്ഥാനില്‍ ആദരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്,’ പഞ്ചാബ് പ്രവിശ്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സര്‍ക്കാര്‍ അറിയിച്ചു.
ഡിസൈനറും മോഡലും സിഖ് സമുദായത്തോട് മാപ്പ് പറയണമെന്നും കര്‍ത്താപൂര്‍ സാഹിബ് മതത്തിന്റെ അടയാളമാണെന്നും സിനിമ സെറ്റല്ലെന്നും പാക്കിസ്ഥാനിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ലാഹോറിലുള്ള വ്യാപാര കേന്ദ്രമായ മന്നത്ത് പ്രസ്താവന ഇറക്കി.
‘ഞങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ മന്നത്ത് വ്യാപാര കേന്ദ്ര അറിഞ്ഞുകൊണ്ട് എടുത്തതല്ല. ഞങ്ങള്‍ വിപണിയിലിറക്കിയ വസ്ത്രമണിഞ്ഞ് ഫോട്ടോയെടുത്ത ഒരു മൂന്നാം കക്ഷിയാണ് ഈ ചിത്രങ്ങള്‍ അയച്ചു തന്നത്. ഈ ചിത്രങ്ങളെടുത്തതില്‍ ‘മന്നത്തി’ന് ഒരു പങ്കുമില്ല.
എന്നിരുന്നാലും സോഷ്യല്‍ മീഡിയ പേജുകളില്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയതതില്‍ ഖേദിക്കുന്നു. ഇത് മൂലം ആരെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. എല്ലാ പുണ്യസ്ഥലങ്ങളും ഞങ്ങള്‍ക്ക് പരിശുദ്ധമാണ്. ഈ ചിത്രങ്ങള്‍ ഞങ്ങളുടെ എല്ലാ പേജുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഒരിക്കല്‍ കൂടി എല്ലാവരോടും ക്ഷമ ചേദിക്കുന്നു’ ‘മന്നത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.