ന്യൂയോര്‍ക്ക്: താന്‍ കൈകാര്യം ചെയ്ത രാജ്യങ്ങളില്‍ ഏറ്റവും അപകടകാരിയായ രാഷ്ട്രം പാക്കിസ്ഥാനാണെന്ന് യു.എസ് മുന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. തന്റെ പുതിയ പുസ്തകമായ ‘കോള്‍ സൈന്‍ കയോസ്: ലേണിങ് ടു ലീഡ്’ ലാണ് മാറ്റിസ് ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.
2017 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെ പ്രതിരോധ സെക്രട്ടറിയായിരുന്നു മാറ്റിസ്.
‘ഞാന്‍ ഇടപെട്ട രാജ്യങ്ങളില്‍, പാക്കിസ്ഥാനാണ് ഏറ്റവും അപകടകരമെന്നാണ് എനിക്കു തോന്നിയത്. കാരണം അവരുടെ സമൂഹത്തിലെ തീവ്രവത്കരണവും ആണവ ആയുധങ്ങളുടെ ലഭ്യതയുമാണ് അതിന് കാരണം.’ എന്നാണ് മാറ്റിസ് ആത്മകഥയില്‍ പറയുന്നത്.
‘ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ആണവ ആയുധം തീവ്രവാദികളെ വളര്‍ത്തുന്നവരുടെ കൈകളില്‍ വീഴാന്‍ അനുവദിച്ചുകൂടാ. ഫലം വിധ്വംസകരമായിരിക്കും.’ എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.
ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന നേതാക്കള്‍ പാക്കിസ്ഥാന് ഇല്ലെന്നും മാറ്റിസ് പറയുന്നു. ‘പാക്കിസ്ഥാനുമായുള്ള ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാം. പക്ഷേ അത് പരിഹരിക്കാന്‍ കഴിയാനാവാത്ത വണ്ണത്തില്‍ വിഭജനങ്ങള്‍ ആഴത്തിലുള്ളതാണ്.’ എന്നും അദ്ദേഹം പറയുന്നു.
ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്താനായി നടത്തിയ ആക്രമണം പാക്കിസ്ഥാനെ യു.എസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ അറിയിക്കായിരുന്നത് വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും മാറ്റിസ് പറഞ്ഞു.