ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
തെളിവ് ചോദിക്കുന്നത് ഒഴിവു കഴിവ് പറയലാണെന്നും പാകിസ്താന്റെറ മറുപടിയില്‍ അതിശയമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യാതൊരു തെളിവുമില്ലാതെയാണ് ഇന്ത്യ, പാകിസ്താനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.
ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും പാകിസ്താന്‍ തയ്യാറായില്ല. മസൂദ് അസ്ഹറുള്ളത് പാകിസ്താനില്‍ തന്നെയാണ് എന്നതുതന്നെ നടപടി സ്വീകരിക്കാന്‍ മതിയായ കാരണമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നും പാകിസ്താന്റെ മറുപടിയില്‍ അതിശയമില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അതേസമയം, ആക്രമത്തിനു പിന്നില്‍ പാക്കിസ്താനു പങ്കുണ്ടെന്ന ആരോപണം തള്ളിയ ഇമ്രാന്‍ ഖാന്‍ പാക്കിസ്താന്‍ സ്ഥിരത കൈവരിക്കാനായി നീങ്ങുമ്പോള്‍ എന്തിനാണ് ഇത്തരമൊരു ആക്രമണം നടത്തുന്നതെന്ന ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു.
“സ്ഥിരതയ്ക്കുവേണ്ടി നീങ്ങുന്ന വേളയില്‍ പാക്കിസ്താന്‍ എന്തിനാണ് ഇത് ചെയ്യുന്നത്? ഇതെങ്ങനെ പാക്കിസ്താന് നേട്ടമാകും? ഭാരത സര്‍ക്കാറിനുവേണ്ടിയാണ് ഞാനീ പ്രസ്താവന നടത്തുന്നത്. ഒരു തെളിവുമില്ലാതെ നിങ്ങള്‍ പാക്കിസ്താന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരിക്കുകയാണ്.” ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
തിരിച്ചടിക്കുന്നതിനെക്കുറിച്ച് പാക്കിസ്താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്നാല്‍ ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ പാക്കിസ്താന്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.