ലഷ്‌കറെ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സഈദിനും മില്ലി മുസ്‌ലിം ലീഗിനും പിന്തുണ അറിയിച്ച് പാക് ആഭ്യന്തരമന്ത്രി; ഇമ്രാന്‍ ഭരണകൂടം വീണ്ടും രാഷ്ട്രീയ പ്രതിരോധത്തില്‍
World News
ലഷ്‌കറെ ത്വയ്യിബ സ്ഥാപകന്‍ ഹാഫിസ് സഈദിനും മില്ലി മുസ്‌ലിം ലീഗിനും പിന്തുണ അറിയിച്ച് പാക് ആഭ്യന്തരമന്ത്രി; ഇമ്രാന്‍ ഭരണകൂടം വീണ്ടും രാഷ്ട്രീയ പ്രതിരോധത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th December 2018, 11:13 pm

ഇസ്‌ലാമാബാദ്: ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ രാഷ്ട്രീയ വിഭാഗമായ മില്ലി മുസ്‌ലിം ലീഗിനും ലഷ്‌കറെ ത്വയ്യിബയുടെ മേധാവി ഹാഫിസ് സഈദിനും പിന്തുണ അറിയിച്ചുകൊണ്ട് പാക്കിസ്ഥാന്‍ മന്ത്രി. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് അമേരിക്ക ഭീകര സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ലഷ്‌കറിനോട് പിന്തുണ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രീദി രംഗത്ത് എത്തിയത്.

എം.എം.എല്ലിന്റെ നേതാക്കളുമായുള്ള യോഗത്തിനിടയിലെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് പിന്തുണ പ്രഖ്യാപിക്കുന്നത്. രാജ്യാന്തര തലത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പാക്കിസ്ഥാന്‍ ഭീകരരെ പിന്തുണയ്ക്കുന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രചരിക്കുന്ന വീഡിയോ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ലഷ്‌കറെ ത്വയ്യിബ അടക്കമുള്ള ഭീകര സംഘടനകളെ പാക്കിസ്ഥാന്‍ സഹായിക്കുന്നുണ്ടെന്നാണ് ഇന്ത്യയടക്കമുള്ള പശ്ചാത്യ രാജ്യങ്ങളുടെ വാദം.

ALSO READ: മധ്യപ്രദേശിന് പിന്നാലെ ചത്തീസ്ഗഢിലും വാഗ്ദാനം നടപ്പിലാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് ഭൂപേഷ് ഭാഗെല്‍

ഉര്‍ദുവിലുള്ള വീഡിയോയില്‍ പാക് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കുന്നുണ്ട്. വീഡിയോയില്‍ എം.എം.എല്‍ പ്രവര്‍ത്തകന്‍ പറയുന്നത് ഇസ്ലാമബാദും അമേരിക്കയും എം.എം.എല്‍. രാഷട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് പറയുന്നു. അവര്‍ പറയുന്നത് ഇത് ഹാഫീസ് സാബിന്റെ സംഘടനയാണെന്നാണ്. ഒപ്പം എം.എം.എല്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആരോപിക്കുന്നു.

ഇതിന് മറുപടിയായി അഫ്രീദി പറഞ്ഞത് ദൈവം അനുഗ്രഹിച്ചാല്‍, എത്രകാലം തഹ്‌രികെ ഇന്‍സാഫ് പാക്കിസ്ഥാനില്‍ അധികാരത്തിലിരിക്കോ, അത്രയും കാലം ഹാഫിസ് സാബ് സുരക്ഷിതനായിരിക്കും. പാക്കിസ്ഥാന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഹാഫിസ് സാഹിബിനേയും പിന്തുണയ്ക്കണം. ഇതാണ് വിവാദ വീഡിയോയിലെ പരാമര്‍ശം.

കഴിഞ്ഞ ഒക്ടോബറില്‍ മതകാര്യവിഭാഗം മന്ത്രി നൂറുല്‍ ഹഖ് ഖ്വദ്രി ഹാഫിസ് സഈദുമായി വേദി പങ്കിട്ടതും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.