ഇസ്‌ലാമാബാദ്: തന്റെ ഭരണകാലത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചിരുന്നെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തല്‍.
രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയോടെയായിരുന്നു ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്നും മുഷറഫ് പറഞ്ഞു. പാക് വാര്‍ത്താ ചാനലായ ഹം ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ നദീം മാലികുമായി മുഷറഫ് നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
അതേസമയം 2003-ഡിസംബറില്‍ രണ്ടു തവണ ജെയ്ഷെ മുഹമ്മദ് തനിക്ക് നേരെ വധശ്രമം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. 1999 മുതല്‍ 2008 വരെയുള്ള താങ്കളുടെ കാലഘട്ടത്തില്‍ എന്തുകൊണ്ട് അവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് ആ സമയം അതിന് യോജിച്ചതല്ലെന്നായിരുന്നു മുഷറഫിന്റെ മറുപടി.
ആ സമയത്ത് ഇന്ത്യയും പാകിസ്ഥാനും കനത്ത പോരാട്ടം നടത്തുകയാണ്. ഇരു രാജ്യങ്ങളും മറുരാജ്യത്ത് ബോംബാക്രമണം നടത്താന്‍ ആളുകളെ ഏര്‍പ്പാടാക്കിയിരുന്നു.
തന്റെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളും ഇത്തരത്തില്‍ മറ്റുള്ളവരെ ഉപയോഗിച്ച് ഇത് നടത്തിയിരുന്നു.
അതുകൊണ്ട് തന്നെ ജെയ്ഷെക്കെതിരെ അന്ന് ശക്തമായ നടപടിയൊന്നും എടുത്തില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറിയെന്നും ജെയ്ഷെ മുഹമ്മദിനെതിരെ എടുത്ത നടപടികളെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.